മഞ്ഞക്കൊന്ന മുറിച്ചുമാറ്റാൻ നടപടികളുമായി വനംവകുപ്പ്
വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതുും വന്യജീവികൾക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് (കെ.പി.പി.എൽ) അനുവാദം നൽകി ഉത്തരവായി.
മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തിൽ പൾപ്പ് വുഡായി എടുക്കാൻ തയ്യാറാണെന്ന് കെ.പി.പി.എൽ അറിയിച്ചിരുന്നു. നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ നിന്നും 5000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നൽകിയത്. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് ഇത് നൽകുന്നത്. ഈ തുക സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിന് വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളിൽ നിന്നും യാതൊരുവിധ മരങ്ങളും വാണിജ്യാവശ്യങ്ങൾക്കൊ മറ്റാവശ്യത്തിനോ നീക്കം ചെയ്യാൻ പാടില്ല എന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് മഞ്ഞക്കൊന്ന പോലുള്ള കളകൾ നീക്കം ചെയ്യുന്നതിന് തടസ്സമില്ല എന്ന് 2022 ആഗസ്റ്റിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത യോഗ തീരുമാനങ്ങളെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
നോർത്തേൺ സർക്കിളിന്റെ കീഴിലുള്ള വയനാട് വനമേഖലയിലെ വിവിധ ഭാഗങ്ങളിലായി 50 ഓളം ഹെക്ടറിലെ മഞ്ഞക്കൊന്ന മരങ്ങൾ ഇതിനകം നിർമ്മാർജ്ജനം ചെയ്തതായും 110 ഹെക്ടറോളം മഞ്ഞക്കൊന്ന മരങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു.
സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിന്റെ ഭാഗമായി 2023-24, 2024-25 വർഷങ്ങളിലായി 1532.52 ഹെക്ടർ സ്ഥലത്ത് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ തോട്ടങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഈ തോട്ടങ്ങളിൽ നിന്നും ഒരു ലക്ഷം മെട്രിക് ടൺ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്.
മഞ്ഞക്കൊന്ന ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം വന്യജീവികളുടെ ഭക്ഷ്യലഭ്യത വർദ്ധിപ്പിക്കുന്നതിനായി കാട്ടിനുള്ളിൽ തന്നെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് സംസ്ഥാനത്ത് ഇതിനകം 1346.54 ഹെക്ടർ സ്ഥലം സ്വാഭാവിക വനങ്ങളാക്കിയിട്ടുണ്ട്.
ഇതിലൂടെ വന്യജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്തുവാനും വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ഉറപ്പുവരുത്തുവാനും സാധിക്കും. വന്യജീവികൾ വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് വലിയ തോതിൽ കുറയ്ക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.