മത്സ്യോത്പാദനത്തില്‍ സംസ്ഥാനം ഇനിയും മെച്ചപ്പെടണമെന്ന് മുഖ്യമന്ത്രി

post

മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു


മത്സ്യോത്പാദനത്തില്‍ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തില്‍ നാം നല്ല ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തില്‍ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സ്യകര്‍ഷക സംഗമവും അവാര്‍ഡ് വിതരണവും ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യഉപഭോഗം ശീലമാക്കിയവരാണ് കേരളത്തിലെ ഭൂരിഭാഗം പേരും. സംസ്ഥാനത്തെ മത്സ്യകൃഷിയില്‍ പൊതുവേ നല്ല മാറ്റമുണ്ട്. പക്ഷേ ആ മാറ്റം കൊണ്ടു മാത്രം നമ്മള്‍ തൃപ്തിപ്പെട്ടുകൂട. ഇനിയും നാം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ മത്സ്യകൃഷിയെയും കടലിലെ മത്സ്യസമ്പത്തിനെയും ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ നാം ഊന്നല്‍ നല്‍കണം. മത്സ്യകര്‍ഷക അവാര്‍ഡുകള്‍ ഈ മേഖലയിലുള്ളവര്‍ക്ക് പ്രചോദനം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. രാജ്യത്ത് ആദ്യമായി മത്സ്യങ്ങളിലെ പ്രേരിത പ്രജനനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന്റെ ഓര്‍മ്മയ്ക്കാണ് എല്ലാവര്‍ഷവും ജൂലൈ 10 ദേശീയ മത്സ്യകര്‍ഷക ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മത്സ്യകൃഷിയുടെ കാര്യത്തില്‍ കഴിഞ്ഞ രണ്ട് സര്‍ക്കാറുകളും സവിശേഷ ശ്രദ്ധ നല്‍കിയിട്ടുണ്ട്. 2016-17 കാലത്ത് സംസ്ഥാനത്തെ മത്സ്യോത്പാദനം 24000 മെട്രിക് ടണ്ണായിരുന്നിടത്ത് നിന്ന് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 40850 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാനായി. നൂതനകൃഷി രീതികളിലൂടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിന് ഒരു ടണ്‍ എന്ന പരമ്പരാഗത നിലയില്‍ നിന്ന് രണ്ട് സെന്റില്‍ നിന്ന് ഒരു ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു. സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായ നേട്ടമാണിത്. 'എവിടെയെല്ലാം ജലാശയമുണ്ടോ അവിടെയെല്ലാം മത്സ്യകൃഷി' എന്ന നയമാണ് സര്‍ക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 24536 ഹെക്ടറില്‍ മത്സ്യവിത്ത് സംഭരിച്ച് കൃഷി നടപ്പാക്കി. 13706 ഹെക്ടര്‍ പാടശേഖരത്ത് ഒരു നെല്ലും ഒരു മീനും കൃഷി, 2349 ഹെക്ടറില്‍ ചെമ്മീന്‍ കൃഷി, 7103 ഹെക്ടര്‍ കുളങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി എന്നിവ നടപ്പാക്കി. ഉള്‍നാടന്‍ മത്സ്യമേഖലയുടെ വികസനത്തിന് 13 മത്സ്യഭവനുകള്‍ ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകര്‍ഷകരുടെ എക്കാലത്തെയും വലിയ ആവശ്യമായിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷാപദ്ധതി നടപ്പാക്കുന്നതിനുളള ചര്‍ച്ചകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

മത്സ്യകൃഷി മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്കും ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ശുദ്ധജല മത്സ്യകര്‍ഷകരില്‍ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി മാത്തുക്കുട്ടി ബി ടിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ബാക്കി അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഓരുജല മത്സ്യകര്‍ഷകരില്‍ ദിനേശന്‍ കെ ജി എറണാകുളം, ചെമ്മീന്‍ കര്‍ഷകരില്‍ ടിവി കബീര്‍ കണ്ണൂര്‍, നൂതന മത്സ്യ കര്‍ഷകരില്‍ മുസ്തഫ കമ്പന്‍ കണ്ണൂര്‍, അലങ്കാര മത്സ്യകര്‍ഷകരില്‍ മുഹമ്മദ് ബിന്‍ ഫാറൂഖ് കൊല്ലം, പിന്നാമ്പുറ മത്സ്യകൃഷിയില്‍ ബിനീഷ് വിവി കോട്ടയം എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരുണ്‍ദാസ് മാടവന, കിരണ്‍ ബി എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയും പ്രൊമോട്ടര്‍മാരില്‍ ശ്രിന്‍ഷ പ്രദീപനും മത്സ്യകൃഷി കോഓര്‍ഡിനേറ്റര്‍മാരില്‍ ആര്‍ ജയരാജും ഫീല്‍ഡ് ഓഫീസര്‍മാരില്‍ ജിബിന എംഎമ്മും ജില്ലകളില്‍ തിരുവനന്തപുരവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി പി മുരളി, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ. കെ. അപ്പുക്കുട്ടന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഫിഷറീസ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് സ്വാഗതവും ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍ നായര്‍ നന്ദിയും പറഞ്ഞു.

രാവിലെ 10 ന് ആരംഭിച്ച മത്സ്യകര്‍ഷക സംഗമത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വികസനസാധ്യതകള്‍, നൂതന മത്സ്യകൃഷി സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഫീഷറീസ് ജോ. ഡയറക്ടര്‍മാരായ സലീം കെ എച്ച്, മഹേഷ് എസ് എന്നിവര്‍ വിഷയാവതരണം നടത്തി.