പോത്തന്‍കോട് ജാഗ്രത തുടരും

post

തിരുവനന്തപുരം : കോവിഡ് - 19 ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.  അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാവിലെ ഒന്‍പതു വരെ തുറക്കും. ആവശ്യക്കാര്‍ക്ക് തിരക്ക് കൂട്ടാതെ സാധനങ്ങള്‍ വാങ്ങാം. ഈ സമയത്തിനു ശേഷം അവശ്യവസ്തുക്കള്‍ വേണ്ടവര്‍ 9996040664, 9996040665 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ആശാ വര്‍ക്കര്‍മാരോ വോളന്റിയര്‍മാരോ  സാധനങ്ങള്‍ വീട്ടില്‍എത്തിച്ചു നല്‍കും.

മരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ ശേഖരിക്കുന്നതിനായി തച്ചപ്പള്ളി യു.പി.എസ്, കല്ലുര്‍  എല്‍ .പി .എസ് എന്നീ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതു വരെ 127 പേരുടെ സാമ്പിളുകളാണ് ഇവിടെ ശേഖരിച്ചത്.  പോത്തന്‍കോട്  ജംഗ്ഷന്‍ , ബസ് സ്റ്റാന്‍ന്റ് , കെ എസ് ഇ ബി , കൃഷി ഓഫീസ്,  സാമ്പിളുകള്‍ ശേഖരിക്കുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങള്‍ കോര്‍പറേഷനും ഫയര്‍ഫോഴ്സും ചേര്‍ന്ന് അണുവിമുക്തമാക്കുന്നുണ്ട്. ലോക്ഡൗണ്‍ നടപടികളും പ്രദേശത്ത് കര്‍ശനമാണ്.

അതിഥി തൊഴിലാളികള്‍ ജില്ലയില്‍ സുരക്ഷിതര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍   അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിതമായ പാര്‍പ്പിടമൊരുക്കി തലസ്ഥാനം. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ഇവരെ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ചാല ഗവ. ബോയ്സ് ഹൈയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , മണക്കാട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എസ്.എം.വി. എച്ച്.എസ്.എസ് എന്നിവടങ്ങളിലാണ് ഇവര്‍ക്കായി താമസ സൗകര്യം ഒരുക്കിയത്. ചാല സ്‌കൂളില്‍ 71-ഉം , മണക്കാട് 91 - ഉം, എസ്.എം.വിയില്‍ 97 പേരുമാണ് നിലവിലുള്ളത്. ഇവര്‍ക്ക് വേണ്ട ഭക്ഷണം തിരുവനന്തപുരം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്.  മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കുന്നുണ്ട്.  നഗരസഭയുടെ ആരോഗ്യ വകുപ്പാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ സംഘം ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ വേണ്ട ക്രമീകരണങ്ങളും സജ്ജമാണ്.

കൊറോണ രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ അതിഥി തൊഴിലാളികള്‍ക്ക്  വേണ്ട നിര്‍ദേശങ്ങള്‍ തൊഴില്‍ വകുപ്പ് നല്‍കിയിരുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക്  വേണ്ട  മാസ്‌ക്, കയ്യുറ, സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍  കോണ്‍ട്രാക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹായത്തോടെ മാര്‍ച്ച് മാസം രണ്ട് മെഡിക്കല്‍ ക്യാമ്പുകളും മൂന്നു ബോധവത്കരണ ക്ലാസ്സുകളും തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചു. രോഗം വരാതിരിക്കാന്‍ വേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങളും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ മനസ്സിലാക്കി നല്‍കിയിട്ടുണ്ട്.