അണ്ണാൻ കുഞ്ഞിനും തന്നാലായത്

post

ലോക്ക്ഡൗൺ കാലം ക്രിയാത്മകമാക്കിയും സാമൂഹിക അകലം പാലിച്ചും കുടുംബശ്രീ ബാലസഭാ കൂട്ടുകാർ

ഇടുക്കി: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത്  ലോക്ക് ഡൗൺ തുടരുമ്പോൾ ക്രിയാത്മമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഇടുക്കി ജില്ലയിലെ 17,000 ബാലസഭാ കുട്ടികൾ.  മാർച്ച് 28 മുതൽ 14 വരെയുള്ള  18 ദിവസം കുട്ടികൾക്ക് വ്യക്തിത്വ വികാസത്തിനും പുതിയ അറിവുകൾ സമ്പാദിക്കുന്നതിനുമായി കുടുംബശ്രീ സംഘടിപ്പിച്ച  അകം പുറം നന്നായി- എന്ന ക്യാമ്പെയ്ന്റെ ഭാ​ഗമായാണ് കുട്ടികൾ വിവിധ പഠനപ്രക്രിയകളിൽ ഏർപ്പെടുന്നത്. പുറത്തു പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും സാധിക്കാതെ  വീടുകളിൽ കഴിയേണ്ടി വരുന്ന  ദിവസങ്ങളിൽ കുട്ടികൾക്ക്   അവരുടെ വിരസത ഒഴിവാക്കുന്നതോടൊപ്പം  ഏറ്റവും ​ഗുണകരമായ രീതിയിൽ  ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കുക എന്നതാണ്  കുടുംബശ്രീ ലക്ഷ്യമിടുന്നത്. 

കുടുംബശ്രീ ബാലസഭാം​ഗങ്ങളായ അഞ്ചു മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കൂട്ടുകാർക്കു വേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ നിർദേശിച്ചിട്ടുള്ളത്. കുടുംബശ്രീ പ്രത്യേകം തയ്യാറാക്കി നൽകിയ കലണ്ടർ അനുസരിച്ചാണ്  കുട്ടികളുടെ ഓരോ ദിവസത്തെയും  പ്രവർത്തനം. സ്കൂൾ പഠനത്തിന്റെ തിരക്കിൽ കുട്ടികൾക്ക്  വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന സ്വന്തം വീടും പരിസരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനെ കുറിച്ച് പരമാവധി അറിവ് സമ്പാദിക്കുന്നതിനുള്ള അവസരമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചത്. ലോക്ക്ഡൗൺ കാലത്ത്  കർശന നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ കുട്ടികൾക്ക്  പുറത്തു പോകുന്നതിനോ കൂട്ടുകാരുമൊത്ത് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ അവർക്ക് ഇത്രയധികം ദിവസങ്ങൾ വീടുനുള്ളിൽ തന്നെ കഴിയേണ്ടി വരുന്നത് വളരെയധികം വിരസതയുണ്ടാക്കുന്നതിന് കാരണമാകും.  ഇതൊഴിവാക്കുന്നതിനും   ഊർജ്ജസ്വലരായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ട് പുതിയ അറിവുകൾ നേടാനും കുട്ടികളെ സഹായിക്കുന്നതിനാണ് അകം പുറം നന്നായി എന്ന ക്യാമ്പെയ്നുമായി കുടുംബശ്രീ  എത്തിയത്. ഇതിന്റെ ഭാ​ഗമായി കുട്ടികൾക്ക് തങ്ങളുടെ വീട്, പരിസരം, സ്ഥലത്തിന്റെ സവിഷേതകൾ, നാട്ടറിവുകൾ എന്നിവ ഉൾപ്പെടെയുള്ള അറിവുകൾ ശേഖരിക്കുന്നതിനും കൂടാതെ ചിത്രരചന, കഥാകവിതാ രചന, ഡാൻസ്, മ്യൂസിക് എന്നിവയിൽ കഴിവുള്ള കുട്ടികൾക്ക് വീ്ട്ടിലിരുന്ന് അവ പരിശീലിക്കുന്നതിനും സാധിക്കുന്നു. ഇതോടൊപ്പം ലോക്ഡൗൺ കാലത്ത് വീ്ട്ടിൽ കഴിയുന്ന അവസരത്തിൽ  വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങളോട് ആഭിമുഖ്യം വളർത്തുന്നതിനും പുസ്തകവായനയ്ക്ക് പ്രചോദനം നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. 

കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതു വഴി കാമ്പെയ്ൻ കൂടുതൽ  ചലനാത്മകവും രസകരവുമാക്കിയിട്ടുണ്ട്.  മാത്രമല്ല, എല്ലാ പ്രവർത്തനങ്ങളിലും  രക്ഷിതാക്കളും വീട്ടിലെ മറ്റു മുതിർന്ന അം​ഗങ്ങളും പങ്കാളികളാകുന്നതിനാൽ അവരുമായുള്ള സ്നേഹബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും ഊഷ്മളമാക്കുന്നതിനും അവസരമൊരുങ്ങുന്നു. കൂടാതെ ഓരോ കുട്ടിക്കും  സ്വന്തം വീടും തൊടിയുമാണ് പ്രവർത്തന മേഖല എന്നതു കൊണ്ട്  അവർ മറ്റുളളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാനും  വീടുകളിൽ തന്നെ കഴിയുന്നതിനും സാധിക്കുന്നു. ഇപ്രകാരം കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കാൻ കുട്ടികളും പ്രാപ്തരാകുന്നു. 

മാർച്ച്  28 ന് എന്റെ വീട്, എന്റെ സ്വർ​ഗം എന്നതിനെ ആസ്പദമാക്കി കുറിപ്പെഴുതുക എന്നതായിരുന്നു പ്രധാനപ്പെട്ട പ്രവർത്തനം.  സ്വന്തം വീടിന്റെ പ്രത്യേകതകളും സവിശേഷതകളും സ്ഥലത്തിന്റെ പ്രത്യേകത, മാതാപിതാക്കളോ പൂർവികരോ വീടു നിർമിക്കുന്ന സമയത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ, വീടിന്റെ അളവെടുക്കൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശ പൂർവം പങ്കെടുത്തു.   മാർച്ച് 29ന് പരിസര നിരീക്ഷണം എന്നതായിരുന്നു വിഷയം. നമ്മുടെ മുറ്റത്തും തൊടിയിലും എന്തെല്ലാം ചെടികളും വൃക്ഷങ്ങളും ഉണ്ടെന്നും ഇവ മറ്റു ജീവജാലങ്ങൾക്കും എപ്രകാരം പ്രയോജനപ്പെടുന്നു എന്നും ഈ സസ്യങ്ങളുടെ ശാസ്ത്രീയ നാമം എന്നിവയെല്ലാം മനസിലാക്കി രേഖപ്പെടുത്തി. 

മാർച്ച് 30ന് മൂന്നാം ദീവസം ഭക്ഷണശീലത്തെ കുറിച്ച് കുറിപ്പെഴുതാനാണ് കുട്ടികളോടാവശ്യപ്പെട്ടത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഇവയ്ക്ക് നമ്മുടെ വീടുകളിൽ ഒരുക്കുന്ന വിഭവങ്ങൾ ഏതെല്ലാം, സീസൺ അനുസരിച്ച് തയ്യാറാക്കി കഴിക്കുന്ന ഭക്ഷണങ്ങൾ,  ചേരുവകൾ,  ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന വിഭവങ്ങൾ തുടങ്ങിയവയെ കുറിച്ച് കുട്ടികൾക്ക് മനസിലാക്കുന്നതിനും അതു സംബന്ധിച്ച വിവരങ്ങൾ എഴുതി സൂക്ഷിക്കാനും കഴിഞ്ഞു. 31ന് അന്നവിചാരം, മുന്ന വിചാരം -എന്റെ വിഭവം എന്നതായിരുന്നു വിഷയം. ഇതനുസരിച്ച് കുട്ടികൾക്കിഷ്ടപ്പെട്ട ഒരു വിഭവം വീട്ടിൽ മാതാപിതാക്കളുടെ നിരീക്ഷണത്തിൽ തയ്യാറാക്കിക്കൊണ്ടായിരുന്നു ഈ ദിവസത്തെ പ്രവർത്തനങ്ങൾ. പലരും അതിന്റെ കുറിപ്പെഴുതുകയും  സ്വയം പാചകം ചെയ്യുന്നതിന്റെ വീഡിയോഎടുത്ത് സൂക്ഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ ഒന്നിന് താളും തകരയും എന്ന വിഷയത്തിൽ കേരളത്തനിമയുള്ളതും പ്രകൃതിയോടിണങ്ങിയതും പോഷകസമ്പുഷ്ടവുമായ ഭക്ഷണപദാർത്ഥങ്ങൾ,  അവയുടെ ​ഗുണങ്ങൾ എന്നിവയെ കുറിച്ച്  കുട്ടികൾ മനസിലാക്കി കുറിപ്പുകൾ എഴുതി സൂക്ഷിച്ചു. 

ഈ ക്യാമ്പെയ്ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഏപ്രിൽ രണ്ടിന് നൽകിയ വിഷയം കുടുംബവൃക്ഷം തയ്യാറാക്കുക എന്നതായിരുന്നു. മാതാപിതാക്കളുടെ തലമുറകളെ കണ്ടെത്തി  അത് രേഖപ്പെടുത്തുക എന്നതാണ് ഇതിലൂടെ നൽകിയ നിർദേശം. ഏപ്രിൽ മൂന്നിന്  നമ്മുടെ പ്രിയപ്പെട്ട അധ്യാപകർക്ക് കത്തെഴുതുക എന്നതാണ് കുട്ടികൾക്ക് നൽകിയിട്ടുള്ള നിർദേശം. ഏപ്രിൽ നാലിന് റേഡിയോ,  പ്രാദേശിക ചാനൽ എന്നിവയ്ക്കു വേണ്ടി സ്വന്തം വീട്ടിലെ ഏറ്റവും മുതിർന്ന ഒരാളുടെ അഭിമുഖം തയ്യാറാക്കുക എന്നതാണ്. അഞ്ചിന് ആത്മകഥാപരമായ രചനയ്ക്കു വേണ്ടിയുള്ളതാണ്. എന്റെ കഥ എന്നു പേരിട്ടിരിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾക്ക് അവരെ  സംബന്ധിക്കുന്ന എന്തും അടുക്കും ചിട്ടയോടും  എഴുതാനുള്ള അവസരമൊരുക്കുന്നു. ആറിന് മഹാൻമാരായ 25 വ്യക്തികളുടെയെങ്കിലും  ജീവിതരേഖ തയ്യാറാക്കുക എന്നതാണ് കുട്ടികൾക്കുള്ള നിർദേശം. 

കുടുംബശ്രീ സിഡിഎസ്, എഡിഎസ്, ബാലസഭാ റിസോഴ്സ് പേഴ്സൺമാർ, ബാലപാർലമെന്റ് അം​ഗങ്ങളായ കുട്ടികൾ എന്നിവർ ഉൾപ്പെട്ട വാട്ട്സാപ് ​ഗ്രൂപ്പുകളിലേക്ക് ഈ ക്യാമ്പെയ്നെ സംബന്ധിച്ച വിവരങ്ങൾ നൽകി കൊണ്ടാണ് കുട്ടികളെ വിവരങ്ങൾ അറിയിക്കുന്നത്. അടുത്ത പതിനെട്ടു ദിവസങ്ങളിൽ ഓരോ ദിവസവും കുട്ടികൾ എന്തെല്ലാം ചെയ്യണമെന്നും വൈകുന്നേരം അതിന്റെ റിപ്പോർട്ട്  കുട്ടികളിൽ നിന്നും മൊബൈൽ വാട്ട്സാപ് വഴി ശേഖരിക്കാൻ സിഡിഎസിനും നിർദേശവും നൽകി.  സി.ഡിഎസ് ഓരോ ദിവസത്തെയും റിപ്പോർട്ടുകൾകുട്ടികളിൽ നിന്നും വാട്ട്സാപ് വഴി സ്വീകരിച്ച് ജില്ലാമിഷന് കൈമാറും.