തിരച്ചിലിന് വിവിധ സേനകളില്‍ നിന്ന് 1174 പേര്‍

post

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ ആറ് സെക്ടറുകളായി തിരിച്ചുള്ള തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേരെയാണ് വിന്യസിച്ചിരിക്കുന്നത്. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പൊലീസ്, കരസേന, തമിഴ്‌നാട് അഗ്‌നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്‌ക്വാഡ് തെരച്ചിലിന് രംഗത്തുണ്ട്.

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കാന്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും സംഘടനകളുമാണ് മുന്നോട്ടുവന്നത്. ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000 പേര്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5400 പേര്‍ വയനാട് ജില്ലയില്‍ നിന്ന് തന്നെയാണ്. ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്‌സിനെ ദൗത്യസേനയുടെ നിര്‍ദ്ദേശപ്രകാരം ദുരന്ത മേഖലകളില്‍ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 750 മുതല്‍ 1000 വരെ വോളണ്ടിയര്‍മാരാണ് ഒരു ദിവസം ഇറങ്ങുന്നത്. ഇന്ന് 1126 പേര്‍ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ 140 ടീമുകളും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി സ്വയംസമര്‍പ്പിച്ച് മുന്നില്‍ നില്‍ക്കുന്ന യുവജനസംഘടനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചില്‍ നടത്തുന്ന മേഖലകളില്‍ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ചൊവ്വാഴ്ച വിതരണം ചെയ്തു.