2391 പേർക്ക് കൗൺസലിങ് നൽകി

post

ദുരന്തബാധിതർക്കായി കൗൺസലിങ് സേവനം നൽകി വരുന്നതായും 2391 പേർക്ക് ഇതുവരെ കൗൺസലിങ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിയിടം’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികൾ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

കൗൺസലിങ്ങിനൊപ്പം ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ ഹെൽപ്പ് ഡെസ്‌കുകൾ മുഖേന ടീം അംഗങ്ങൾ സേവനം ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.