തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ ആരംഭിക്കും

post

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണ. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു. മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി(സിഎഫ്ടിഐ) ചേർന്ന് നോൺ ലെതർ പാദരക്ഷാനിർമാണ മേഖലയിലെ നൂതന പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനമായത്.

പാദരക്ഷാ നിർമാണ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ആവശ്യാനുസരണം അവരുടെ തൊഴിലാളികൾക്കുള്ള പ്രത്യേക നൈപുണ്യ വികസന കോഴ്സുകളും ഇതോടൊപ്പം ലഭ്യമാക്കും. ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ, ബേസിക് കട്ടിങ് ഓപ്പറേറ്റർ, ഫൂട്ട് വെയർ സിഎഡി / സിഎഎം ഓപ്പറേറ്റർ, ലൈൻ സൂപ്പർവൈസർ തുടങ്ങി നിരവധി ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ പരിഗണനയിലുണ്ട്. പാദരക്ഷാനിർമാണമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അഭിമുഖീകരിക്കുന്ന നൂതന സാങ്കേതികവിദ്യാ നിപുണരായ തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്ന പ്രശ്നം ഒരു പരിധിവരെ പരിഹരിയ്ക്കുവാൻ ഇത്തരം പരിശീലനപരിപാടികളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.


തൽപരരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയുടെ ഭാഗമായി യഥാർഥ തൊഴിൽ സാഹചര്യങ്ങൾ മനസിലാക്കുവാനും നേരിട്ടു തൊഴിൽ നൽകുന്ന പരിശീലന പരിപാടികളിൽ ഏർപ്പെടാനുമുള്ള സൗകര്യങ്ങൾ തവനൂർ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരുക്കും. 25000 ചതുരശ്ര അടി വിസ്താരമുള്ള കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രസ്തുത പ്രവർത്തനങ്ങൾക്കായി ഉയർന്ന നിലവാരത്തിലുള്ള ലാബ്, വർക്ക്ഷോപ്പ് സൗകര്യങ്ങളും അത്യന്താധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച സ്മാർട്ട് ക്ലാസ് മുറികളും സജ്ജീകരിക്കുന്നുണ്ട്. തൊഴിൽ നൈപുണ്യവികസനം എന്ന സുപ്രധാന ലക്ഷ്യം മുൻനിർത്തി അസാപ് കേരള, കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലൂടെ വിവിധ പരിശീലന പരിപാടികൾ ഇപ്പോൾത്തന്നെ നടത്തി വരുന്നുണ്ട്. തവനൂർ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെഹിക്കൾ റീഫിനിഷ് തുടങ്ങിയ വിവിധ നൈപുണ്യവികസന പരിശീലനപദ്ധതികൾ നടന്നുവരുന്നു. കൂടാതെ പ്ലേസ്മെന്റ് ഡ്രൈവുകളും വിവിധ ഇന്റേൺഷിപ്പ് പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നു.


സിഎഫ്ടിഐ ട്രെയിനിങ് എക്സ്റ്റൻഷൻ സെന്റർ തവനൂർ സ്‌കിൽ പാർക്കിൽ സ്ഥാപിതമാകുന്നതോടെ തികച്ചും വ്യത്യസ്തമായൊരു വ്യവസായമേഖലയിൽ നൈപുണ്യപരിശീലനം ലഭിക്കുന്നതിനുള്ള അവസരം തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് ലഭ്യമാകും. പാദരക്ഷ നിർമാണമേഖലയിൽ പുതിയ കമ്പനികൾ വരുന്നതിനും ഇപ്പോൾ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവരുടെ നിർമാണ വിതരണപ്രവർത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനും സെന്ററിലെ പരിശീലനം സഹായകരമാകും.