മുറിവുണങ്ങാന്‍ സാന്ത്വനം; പരിരക്ഷയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

post

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളും നോവുകളുമായി ക്യാമ്പുകളിലെത്തിയവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സാന്ത്വനം. ദുരന്തത്തിന്റെ ആഘാതങ്ങളില്‍ നിന്നും ഇവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള കരുതലുകളാണ് ക്യാമ്പുകളിലെല്ലാമുള്ളത്. ക്യാമ്പില്‍ താമസിക്കുന്നവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സിലിങ്, ആരോഗ്യ പരിരക്ഷ, വസ്ത്രം, ഭക്ഷണം, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനുളള സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നു.

ക്യാമ്പിലുള്ള കുട്ടികള്‍ക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയും വിധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളും പ്രത്യേകമായി മുന്നേറുന്നുണ്ട്. നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍, പഠനാന്തരീക്ഷം എന്നിവ തിരിച്ചുപിടിക്കാനും കുട്ടികളെ പുതിയ ജീവിതാന്തരീക്ഷത്തിലേക്ക് കൈപിടിക്കാനുമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകോര്‍ത്ത് പരിശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ എല്ലാ ദുരിതാശ്വാസ ക്യമ്പുകളിലും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളുടെ പഠനം, പരീക്ഷകള്‍ എന്നിവക്ക് ഹെല്‍പ്പ് ഡെസ്‌ക് തുണയാകും.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 13 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. റിലീഫ് റെസ്‌ക്യു ക്യാമ്പുകളിലായി 587 കുടുംബങ്ങളാണ് കഴിയുന്നത്. 640 പുരുഷന്‍മാരും 656 സ്ത്രീകളും 421 കുട്ടികളും 2 ഗര്‍ഭിണികളുമടക്കം 1717 പേരാണ് ക്യാമ്പുകളിലുള്ളത്. എസ്.ഡി.എം.എല്‍.പി സ്‌കൂള്‍ കല്‍പ്പറ്റ, കല്‍പ്പറ്റ ഡിപോള്‍ സ്‌കൂള്‍, ആര്‍.സി.എല്‍.പി സ്‌കൂള്‍ ചുണ്ടേല്‍, ജി.എച്ച്.എസ്.എസ് റിപ്പണ്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, റിപ്പണ്‍ ന്യു ബില്‍ഡിങ്ങ്, അരപ്പറ്റ എന്നിവടങ്ങളിലാണ് റെസ്‌ക്യു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.


ക്യാമ്പ് ഏകോപനത്തിന് പ്രത്യേക സെല്‍


ഓരോ ക്യാമ്പിന്റെ നടത്തിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പരിമിതികള്‍ വിലയിരുത്താനും പരിഹരിക്കാനും കളക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാതല ക്യാമ്പ് മാനേജ്മെന്റിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളും പാലക്കാട് എ.ഡി.എം സി.ബിജു, ഡോ. അനുപമ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. ജില്ലയിലെ 22 തദ്ദേശ സ്ഥാപനങ്ങളിലായി 94 ക്യാമ്പുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ 17 ക്യാമ്പുകളും ഒരേ സമയം പ്രവര്‍ത്തിച്ചിരുന്നു. ഓരോ ക്യാമ്പുകളിലും രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ള അപ്ഡേഷനും സെല്‍ വഴി നടത്തിയിരുന്നു. ക്യാമ്പുകളിലെ ശുചിത്വ പരിപാലനം വിലയിരുത്തല്‍, തമാസക്കാരുടെ ആരോഗ്യനില, ആവശ്യമായ സാധനങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയ ചുമതലകളെല്ലാം സെല്‍ ഏറ്റെടുക്കുന്നു.


ഓരോ ക്യാമ്പിലെയും നോഡല്‍ ഓഫീസര്‍മാരെ കൃത്യസമയങ്ങളില്‍ വിളിച്ച് ക്യാമ്പിലെ ആവശ്യങ്ങള്‍ ഡാറ്റാ ഷീറ്റ് തയ്യാറാക്കി അതത് വകുപ്പുകളെ സെല്ലില്‍ നിന്നും അറിയിക്കും. പരിമിതികളില്ലാതെ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സെല്ലിന്റെ പ്രവര്‍ത്തനം സഹയാകരമാകുന്നു. ജില്ലാതല കളക്ഷന്‍ കേന്ദ്രത്തില്‍ നിന്നും ക്യാമ്പുകളിലേക്ക് പലവ്യഞ്ജനം, മറ്റ് സാധനങ്ങള്‍ മുടക്കമില്ലാതെ എത്തിക്കുന്നതിനും സെല്ലിലെ കോള്‍ സെന്റര്‍ മുഖേന കഴിഞ്ഞു. ഓരോ ദിവസവും വൈകിട്ട് തയ്യാറാക്കുന്ന കണ്‍സോളിഡേഷന്‍ വിവരങ്ങള്‍ ക്യാമ്പുകളിലെ അവശ്യസാധനകളുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായകരമായി. ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് അവശ്യ സാധനകള്‍ എത്തിക്കുന്നതിനാല്‍ സാധന സാമഗ്രികള്‍ പാഴാകുന്നതും ഒഴിവാക്കാനായി. കുടുംബശ്രീ മിഷനിലെ സ്റ്റാഫ് കെ.അപ്സന, ടി.വി.സായികൃഷ്ണന്‍, ആസ്പിരേഷന്‍ ഡിസ്ട്രിക്ട് ബ്ലോക്ക് ചാര്‍ജ് ഡെല്‍ന, വളണ്ടിയര്‍മാരായ രിതിന്‍ കുര്യന്‍, വി.ആര്‍.സൂര്യ, കെ.എം.മുഹമ്മദ് സെലാഹുദീന്‍ ,കെ. നിരഞ്ജന്‍, പി.കെ.മുഹമ്മദ് സബീല്‍, ജസ്ബിന്‍ സിനോജ് എന്നിവരാണ് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെല്ലില്‍ ടീം അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്.