മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കും.
ദൂരന്തത്തില്‍പ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡി.എന്‍.എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.