വിജ്ഞാനാധിഷ്ഠിത സമൂഹത്തിൽ സാങ്കേതികവിദ്യാഭ്യാസത്തിന് സുപ്രധാന പങ്ക്
അനുദിനം മാറുന്ന ലോകക്രമത്തിലും വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന നിലയിൽ കേരളത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബിടെക് ആദ്യ വർഷ വിദ്യാർത്ഥികൾക്കായി എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര കരിക്കുലം പരിഷ്‌ക്കരണത്തിലൂടെ പുതിയ കാലത്തിനനുസരിച്ച് കോഴ്‌സുകൾക്ക് രൂപം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് അടക്കമുള്ളവ വൈദ്യശാസ്ത്ര മേഖലയിലുൾപ്പെടെ സ്വാധീനം ചെലുത്തുന്നു. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ലഭിക്കുന്ന രീതിയിലാണ് എൻജിനീയറിംഗ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സംരഭകത്വ പ്രോൽസാഹനം നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനുമായും നൈപുണ്യ വികസനത്തിന് അസാപ്പുമായും സാങ്കേതിക സർവകലാശാല നിലവിൽ സഹകരിക്കുന്നുണ്ട്.
ചാന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ ചെയർമാൻ എസ്. സോമനാഥ് അടക്കമുള്ള നിരവധി എൻജിനീയർമാർ കേരളത്തിന്റെ സംഭാവനയാണെന്നത് എൻജിനീയറിംഗ് മേഖലയിലെ സംസ്ഥാനത്തിന്റെ വിഭവശേഷി തെളിയിക്കുന്നു. അന്തർദേശീയ നിലവാരമുള്ള എൻജിനീയർമാരെ സൃഷ്ടിക്കുന്നതിനും ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കുന്നതിന് അവസരമൊരുക്കുന്നതിനും സംസ്ഥാന വ്യാപകമായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 2024-25 അധ്യയന വർഷത്തിൽ പഠനം ആരംഭിക്കുന്ന മുഴുവൻ ബിടെക് വിദ്യാർത്ഥികൾക്കും ജീവിത വിജയത്തിനായി ആശംസകൾ നേരുന്നതായും മന്ത്രി അറിയിച്ചു. ചടങ്ങിൽ വിവിധ കോഴ്‌സുകളിൽ സഹകരിക്കുന്നതിനായി നാസ്‌കോമും സർവകലാശാലയും തമ്മിലുള്ള ധാരണാ പത്രം കൈമാറി. എ പി ജെ സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിൻഡിക്കേറ്റ് മെമ്പർ ഡോ. വിനോദ് കുമാർ ജേക്കബ് സ്വാഗതം ആശംസിച്ചു. നാസ്‌കോം സി ഒ ഒ ഡോ. ഉപ്മിത് സിംഗ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. അനന്ദ രശ്മി, ഡീൻ അക്കാഡമിക്‌സ് ഡോ. വിനു തോമസ്, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ സുരേഷ് കെ എന്നിവർ സംബന്ധിച്ചു.