കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടൺ പാൽ: മുഖ്യമന്ത്രി
കേരളത്തിൽ പ്രതിദിനം 25 ലക്ഷം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നൽകുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷീരസംഘങ്ങൾക്കുള്ള ഏകീകൃത സോഫ്റ്റ്വെയർ ക്ഷീരശ്രീ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പാലുത്പാദനം ക്രമാനുഗതമായി വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറുകിട കർഷകർക്കൊപ്പം വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്തൽ നടത്തുന്ന വലിയ ഫാമുകളും ഇന്ന് കേരളത്തിലുണ്ട്. ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഇത് വലിയ പ്രാധാന്യം അർഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്ക് പാലിന്റെ അളവും ഗുണനിലവാരവും അടിസ്ഥാനമാക്കി കൃത്യമായ വില ഉറപ്പാക്കാൻ ക്ഷീരശ്രീ പോർട്ടലിലൂടെ സാധിക്കും. കാലിത്തീറ്റ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഇടം കൂടിയായി ഇത് പ്രവർത്തിക്കും. ക്ഷീരഗ്രാമം, മിൽക്ക്ഷെഡ് വികസന പദ്ധതി, പുൽക്കൃഷി പദ്ധതി എന്നിവയും ക്ഷീരശ്രീ വഴി നടപ്പാക്കും. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള പോർട്ടൽ രാജ്യത്ത് ആദ്യമായാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ക്ഷീരശ്രീ പോർട്ടലിലൂടെ പാൽസംഭരണത്തിൽ സുതാര്യത ഉറപ്പ്വരുത്താൻ കഴിയുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യുവിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷീരശ്രീ പോർട്ടലിന്റെ ഹ്രസ്വവീഡിയോ മന്ത്രി പ്രകാശനം ചെയ്തു. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ കെ. എസ്. മണി, ക്ഷീരവികസന ക്ഷേമനിധി ബോർഡ് ചെയർമാൻ വി. പി. ഉണ്ണികൃഷ്ണൻ, കേരള കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, മിൽമ മേഖല യൂണിയൻ ചെയർമാൻമാരായ മണി വിശ്വനാഥ്, എം. ടി. ജയൻ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.