റേഷന്‍കാർഡ് മസ്റ്ററിംഗ് തീയതി ഒക്ടോബർ 25 വരെ നീട്ടി
സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാലാണ് സമയപരിധി നീട്ടിയത്.
മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച് അപ്‌ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
e-KYC (ഇലക്ട്രോണിക് - നോ യുവർ കസ്റ്റമർ) അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോർട്ടലിൽ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്‌ഡേഷൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ആധാർ നമ്പർ പരസ്പരം മാറിപ്പോയതും എന്നാൽ AePDS-ൽ അപ്രൂവ് ചെയ്തതുമായ കേസുകൾ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.