എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റ്: പുതിയ ടെർമിനൽ നിർമ്മാണം നവംബറിൽ

post

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമ്മാണം നവംബർ ആദ്യവാരം ആരംഭിക്കാൻ ധാരണയായി. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ, കൊച്ചി മേയർ എം. അനിൽകുമാർ, ടി. ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ അന്തിമമാക്കിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് റെയിൽവേ ട്രാക്കിനടിയിലൂടെ തോട്ടിൽ എത്തിക്കും. ടെർമിനലിനകത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള മതിലും നിർമ്മിക്കും. ഇതോടൊപ്പം നാറ്റ് പാക്ക്, സി.ഡബ്‌ള്യു.ആർ.ഡി. എം എന്നിവർ തയ്യാറിക്കുന്ന പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങളും പരിഗണിക്കും. നിലവിൽ സ്ഥലത്തുള്ള ഷെഡ് പൊളിച്ചു മാറ്റും. റവന്യു പുറമ്പോക്ക് എൻ.ഒ.സി ഉടനെ നൽകും.

മണ്ണ് പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്ന നടപടികളും ഉടൻ പൂർത്തിയാകും. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. കൊച്ചി നഗരത്തിൽ കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ ഇതോടെ നിലവിൽ വരും. കരിക്കാമുറിയിൽ ഹബ്ബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്ന എന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.