തൊട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാകുന്നു
പെരിയാറിന്റെ നദീതടത്തിലെ 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാകുന്നു. മുല്ലപെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമുപയോഗിച്ച് 30ഉം 10ഉം മെഗാവാട്ട് ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് പദ്ധതി. ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലാണ് പദ്ധതി.
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതിയെന്നതാണ് തൊട്ടിയാർ പദ്ധതിയുടെ പ്രത്യേകത. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി 2009 ൽ നിർമ്മാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം നിർത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു.
പിന്നീട് 2016 ൽ ആണ് പദ്ധതി പുനർജ്ജീവിപ്പിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം 2018ൽ നിർമ്മാണം പുനരാരംഭിക്കുവാനായി റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായുള്ള പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതിൽ 10 മെഗാവാട്ടിന്റെ ജനറേറ്റർ ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റർ സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂർണ്ണ ശേഷിയിൽ പ്രവൃത്തിച്ചുവരുന്നു. കഴിഞ്ഞ എട്ടുവർഷത്തെ ഭരണകാലത്ത് എൽഡിഎഫ് സർക്കാർ നടത്തിയ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് ഈ പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി.