അന്‍സഫും രഹ്നയും വേഗതാരങ്ങള്‍
മഴ ചാറിനിന്ന അന്തരീക്ഷത്തില്‍ സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ വേഗരാജാവും റാണിയുമായി അന്‍സഫ് കെ അഷ്‌റഫിന്റെയും രഹ്നാ രഘുവിന്റെയും കിരീടധാരണം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കിരീടം ആതിഥേയ ജില്ല തന്നെ നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ കിരീടം തലസ്ഥാന ജില്ലയ്ക്ക്.
കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അന്‍സഫ് കെ. അഷ്‌റഫ് 10.81 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിരുന്നു. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. കോതമംഗലം കാവുങ്കല്‍ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അഷ്‌റഫിന്റെയും റിട്ട. അധ്യാപിക സുബൈദയുടെയും മകനാണ്.
കാസര്‍കോട് ഉദുമ ഇരട്ടപ്പനയ്ക്കല്‍ ബിസിനസുകാരനായ രഘു ഇ.പി.യുടെയും ആശാ വര്‍ക്കര്‍ റോഷ്‌നയുടെയും മകളാണ് വേഗറാണിയായ രഹ്ന രഘു. 12.62 സെക്കന്‍ഡിലായിരുന്നു വിജയം. തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ വെള്ളി നേടിയിരുന്നു.