നഗരത്തിൽ വസന്തോത്സവം; നവംബറിൽ പൂക്കാലമൊരുക്കാൻ കേരളീയം

post

തിരുവനന്തപുരം നഗരത്തിൽ വസന്തമൊരുക്കാൻ കേരളീയത്തിന്റെ പുഷ്‌പോത്സവം. നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്‌പോത്സവം നടത്തുന്നത്. സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം.

നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയേറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.

കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിന് മുന്നോടിയായി ഒക്‌ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങൾ സ്ഥാപിക്കും.

ബോൺസായ് ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രത്യേകപ്രദർശനം മേളയിൽ ഒരുക്കും. കാർഷിക സർവകലാശാല, ഹോൾട്ടികൾച്ചർ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാകും. പച്ചക്കറികളും പൂക്കളും ഒരുക്കുന്ന മത്സരങ്ങൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. വ്യക്തികൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, നഴ്‌സറി ഗാർഡനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രദർശന-വിൽപന സ്റ്റാളുകളും പുഷ്പമേളയിലുണ്ടാകും.