കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി വെളളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് ദുബൈയില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ 38കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 51 ആയി. ഇവരില്‍ നിന്ന് ഇന്നലെ (വെള്ളിയാഴ്ച) അഞ്ചു പേരുള്‍പ്പെടെ ഇതിനകം എട്ടു പേര്‍ തുടര്‍പരിശോധനകളില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.ജില്ലയില്‍ നിലവില്‍ 10352 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10244 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്ന് 515 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.