കൊച്ചി വിമാനത്താവളത്തില്‍ ശബരിമല പ്രത്യേക കൗണ്ടര്‍

post

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകളും കൗണ്ടറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും. 

ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി. കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ. എം. ഷബീര്‍, സജി കെ. ജോര്‍ജ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ജനറല്‍ മാനേജര്‍മാരായ സി. ദിനേശ് കുമാര്‍, പോള്‍ കൊച്ചേരില്‍, സി.ഐ.എസ്.എഫ്. കമാന്‍ഡന്റ് ഹിമാന്‍ഷു പാണ്ഡെ, കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ വസന്ത് കേശന്‍, ധന്‍ലക്ഷ്മി ബാങ്ക് റീജയണല്‍ ഹെഡ് രാമകൃഷ്ണന്‍ എസ്., ദേവസ്വം അസി. എക്‌സി. എന്‍ജിനീയര്‍ ജി. എസ്. ബൈജു, അയ്യപ്പ പ്രചാരസഭ പ്രസിഡന്റ് കെ. അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.