കോവിഡ് 19 : ലാന്റിംഗ് സെന്ററുകളില്‍ വികേന്ദ്രീകരിച്ച് മത്സ്യ വിപണനം

post

കൊല്ലം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തങ്കശ്ശേരി, വാടി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നീ ലാന്റിംഗ് സെന്ററുകളില്‍ വികേന്ദ്രീകൃത മത്സ്യവിപണനം തുടങ്ങി. മത്സ്യം ലേലം ഒഴിവാക്കി ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ തീരുമാനിച്ച അടിസ്ഥാന വിലയിലാണ് കച്ചവടം നടന്നത്.

യാനങ്ങള്‍ അവരവര്‍ക്കായി നിശ്ചയിച്ച ലാന്റിംഗ് സെന്ററുകളിലാണ് തൊഴിലാളികള്‍ അടുപ്പിച്ചത്. വാഹനങ്ങള്‍ക്ക് പാസ് മുഖാന്തരം നിയന്ത്രിച്ച് ഹാര്‍ബറുകളില്‍ പ്രവേശിപ്പിച്ച് മത്സ്യം വാങ്ങി തിരകെ പോകുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. മൂന്നൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്.

പുതിയ ക്രമീകരണത്തില്‍ പൊതുവില്‍ മത്സ്യത്തൊഴിലാളികള്‍ തൃപ്തരാണെങ്കിലും എച്ച് എം എസ് യോഗത്തില്‍ ചില മത്സ്യങ്ങളുടെ വില കുറവാണെന്നും അത് കൂട്ടണമെന്നും അഭിപ്രായം ഉയര്‍ന്നു.  കച്ചവട സമയം രാത്രി ഒന്‍പതുവരെ നീട്ടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍  അംഗീകരിക്കാവുന്നതാണെന്ന് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗത്തില്‍ ധാരണയായി. കൂടാതെ തലച്ചുമടായി മത്സ്യം കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ തങ്കശ്ശേരി, കൊടിമരം എന്നീ പോയിന്റുകളില്‍ മത്സ്യം എത്തിച്ചുകൊടുക്കും. പ്രാദേശിക ചെറുകിട കച്ചവടക്കാരെയും പാസ് മുഖേന നിയന്ത്രിച്ച് ഹാര്‍ബറില്‍ പ്രവേശിപ്പിക്കുന്നതിനും തീരുമാനമായി. മത്സ്യ വിപണനം സമാധാനപരമായി നടത്തിയ മത്സ്യത്തൊഴിലാളികളെയും മത്സ്യ സഹകരണ സംഘങ്ങളെയും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ഹാര്‍ബര്‍ മാനേജ്മെന്റ് സെസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറും അഭിനന്ദിച്ചു.

എ സി പി എ പ്രതീപ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ക്രമീകരണങ്ങള്‍ ഉറപ്പാക്കി. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി  അംഗങ്ങളായ എച്ച് ബേസില്‍ ലാല്‍, ബിജു ലൂക്കോസ്, സ്റ്റീഫന്‍, മത്സ്യസംഘം പ്രസിഡന്റുമാരായ ബിജു സെബാസ്റ്റ്യന്‍, എഫ് ജാക്സണ്‍, സെന്‍സ്റ്റിലാവോസ്, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മത്സ്യഫെഡ് എം ഡി ഹരോള്‍ഡ് ലോറന്‍സ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലോട്ടസ്, മത്സ്യഫെഡ് മാനേജര്‍ മണിരാജന്‍ പിള്ള തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘം സന്നിഹിതരായി.