കര്‍ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങള്‍ ഭാഗികമായി തുറക്കാന്‍ അനുമതി

post

തിരുവനന്തപുരം : സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.(സ.ഉ(എംഎസ്)നം.59/2020/ജിഎഡി, തീയതി 03.04.2020,തിരുവനന്തപുരം) രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്  തോട്ടങ്ങളും അടച്ചതോടെ വിളവെടുപ്പും സംഭരണവും സംസ്‌കരണവും, ജലസേചനം ഉള്‍പ്പെടെയുള്ള  സംരക്ഷണപ്രവര്‍ത്തനങ്ങളും നിലച്ച ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍  ഉത്തരവ്. നിലവില്‍ ലായങ്ങളില്‍ താമസിക്കുന്നവരല്ലാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആരെയും  തോട്ടങ്ങളില്‍ ജോലിക്ക് നിയോഗിക്കാന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തേയില കൊളുന്ത് നുള്ളാനും അവ  സംസ്‌കരിക്കുന്നതിന് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അനുമതി.  കൊളുന്ത് നുള്ളാന്‍ അര ഏക്കറിന് ഒരു തൊഴിലാളി എന്ന നിലയില്‍ മാത്രമേ നിയോഗിക്കാവൂ. കൊളുന്ത് തൂക്കുന്ന ഇടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ എട്ടടി അകലം പാലിക്കണം. മസ്റ്ററിങ് പൂര്‍ണമായും ഒഴിവാക്കണം. ഫാക്ടറിയില്‍നിന്ന് തേയില വെയര്‍ഹൗസിലേക്ക് കൊണ്ടുപോകുന്നതിനു മാത്രമായി വാഹനം ഉപയോഗിക്കാനും അനുമതിയുണ്ട്.

ഏലത്തോട്ടങ്ങളില്‍ ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം. ഇതിനായി ഒരു ഏക്കറില്‍ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. കാപ്പി തോട്ടങ്ങളില്‍ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനുമാണ് അനുമതി.എണ്ണപ്പന കുരു വിളവെടുക്കുകയും  തോട്ടങ്ങള്‍ക്കകത്തുള്ള ഫാക്ടറികളില്‍ മാത്രം  സംസ്‌കരിക്കുകയും ചെയ്യാം. ഇതിനായി 15 ഏക്കറിന് നാല് തൊഴിലാളികള്‍ എന്ന നിലയില്‍ മാത്രമേ നിയോഗിക്കാവൂ.  കശുവണ്ടി ശേഖരിക്കുകയും അവ യാര്‍ഡുകളില്‍ എത്തിക്കുകയും ചെയ്യാം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരു തൊഴിലാളി എന്ന നിലയില്‍ നിയോഗിക്കാം.ഗ്രാമ്പൂ വിളവെടുപ്പിന് ഒരു ഏക്കറിന് മൂന്ന് തൊഴിലാളികളെ വീതം നിയോഗിക്കാം.

ഈ നിര്‍ദ്ദേശങ്ങളും കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി.കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള നിയന്ത്രണങ്ങളും പ്ലാന്റേഷന്‍ മേഖലയ്ക്കായി ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് പ്രത്യേകമായി പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ നിഷ്‌ക്കര്‍ഷിച്ചു.സര്‍ക്കാര്‍ ഉത്തരവിനും കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് അറിയിച്ചു.