കൊടുക്കാം ഈ ആത്മസമര്‍പ്പണത്തിന് ബിഗ്‌സല്യൂട്ട്........

post

കാസർകോട് :സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക് ഏപ്രില്‍ മൂന്ന്  സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിനമായിരുന്നു. ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നവരില്‍ മൂന്നുപേരുടെ ഫലം നെഗറ്റീവ് ആയി വന്ന ദിനം. ഈ സന്തോഷത്തിന്റെ തീവ്രതയറിയണമെങ്കില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ചെല്ലണം.അവിടെ ഓരോ ജീവനക്കാരന്റെ മുഖത്തും കാണാം ആരോഗ്യ വകുപ്പിന്റെ കൂട്ടായ പരിശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുന്നതിന്റെ ആത്മ നിര്‍വൃതി.കഴിഞ്ഞ രണ്ടാഴ്ച കാലമായി ഇവര്‍ ഏറ്റെടുത്ത കൊവിഡിനെതിരെയുള്ള പേരാട്ടത്തിന്റെ ആദ്യ വിജയമാണ് ഇത്.

ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട കൊവിഡ് -19 ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് മാര്‍ച്ച് പകുതിയോടുകൂടിയാണ്. ദിനംപ്രതി ജില്ലയില്‍ നിന്നുള്ള രോഗം ബാധിതരുടെ എണ്ണം കൂടി വന്നെങ്കിലും, കൊവിഡിനെതിരെയുള്ള പേരാട്ടത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആത്മ സമര്‍പ്പണത്തിന്  മുമ്പില്‍ വൈറസ് കീഴടങ്ങുന്ന കാഴ്ചയാണ്  ഇപ്പോള്‍ കാണുന്നത്.

54 വയസ്സും,31 വയസ്സും 27 വയസ്സും ഉള്ള മൂന്ന് പുരുഷന്‍മാരാണ് രോഗം ഭേദമായി  കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഒരോ മനസ്സോടെ പ്രയത്‌നിച്ചതിന്റെ ഫലമാണ് ഇത്.ജനറല്‍ ആശുപത്രിയിലെ കണ്‍സൾട്ടണ്ടുമാരായ ഡോ കുഞ്ഞിരാമന്‍,ഡോ കൃഷ്ണനായിക്,ഡോ ജനാര്‍ദ്ദന നായിക് എന്നിവര്‍ നേതൃത്വം നല്‍കി മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.ഓരോ രോഗിയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ  കണ്ട്,അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാന്‍ മെഡിക്കല്‍ സംഘത്തിലുള്ളവര്‍ മത്സരിച്ചു. മീനമാസത്തെ ചൂടിനൊപ്പം പേഴ്‌സണ്‍ പ്രോട്ടക്ഷന്‍ ഇക്യൂപ്പ്‌മെന്റ് കിറ്റിനകത്തെ(പി.പി.ഇ കിറ്റ്) ചൂട് കൂടി ഐസോലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ വലച്ചെങ്കിലും,ഒരു ദൗത്യമായി കണ്ട് ഇവര്‍ ഒരോ മനസ്സോടെ  ഏറ്റെടുക്കുകയായിരുന്നു ഇത്.ഇവരില്‍ ഭൂരിഭാഗം പേരും  ഐലോസേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക്  നിയോഗിക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് പോയിട്ടില്ല.ആശുപത്രി കാര്യം തന്നെയാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടുംബകാര്യവും. '. കൊവിഡ്-19 സ്രവ പരിശോധനയില്‍ ഫലം പോസറ്റീവ് ആയി രേഖപ്പെടുത്തിയാല്‍,രോഗിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും.തുടര്‍ന്ന് ചികിത്സ ആരംഭിക്കും.72 മണിക്കൂറിന് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും. ഫലം നെഗറ്റീവ് ആയി വന്നാല്‍ 24 മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും.അതും നെഗറ്റീവ് ആയി വന്നാല്‍ രോഗിയെ രോഗമുക്തനായി കണക്കാക്കും.' ഡോ കുഞ്ഞിരാമന്‍ പറയുന്നു.

സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ്‌കുമാര്‍ ശര്‍മയുടെ മേല്‍നോട്ടത്തില്‍  ജില്ലാ കളക്ടര്‍ ഡോ  ഡി സജിത്ബാബുവാണ് ജില്ലയില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഡി എം ഒ ഡോ എ വി രാംദാസ്,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ  എ ടി മനോജ്,കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം, അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍,എന്‍ എച്ച്  എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ എന്നിവരും കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ ഉണ്ട്.