കേരളത്തിന്റെ മാതൃക പകർത്താവുന്നതെന്ന് രാജ്യസഭ ടി വി റിപ്പോർട്ട്
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക പകർത്തപ്പെടാവുന്നതാണെന്ന് രാജ്യസഭ ടി വി റിപ്പോർട്ട്. ഏപ്രിൽ നാലിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് :
കേരളത്തിൽ നിന്നുള്ള പാഠങ്ങൾ
ശനിയാഴ്ചവരെ ഉള്ള കണക്ക് പ്രകാരം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 295 കോവിഡ് 19 കേസുകള്‍ ആണ്. ഇതിൽ 2 പേര്‍ മരിച്ചു. 40 പേര്‍ക്ക് അസുഖം ഭേദമായി. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഇരുന്നൂറോളം പേര്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നവർ ആണ്, ഏഴ് പേര്‍ വിദേശ വിനോദ സഞ്ചാരികളും. ഇവരില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ബാക്കി എണ്‍പതോളം പേര്‍ക്ക്.
ഈ വര്‍ഷം ജനുവരി 30 ന് ആണ് കേരളത്തിൽ ആദ്യത്തെ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യ കേസ് ആയിരുന്നു ഇത്. ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. അപ്പോൾ തന്നെ പരിശോധനയും, നിരീക്ഷണവും, ഐസോലേഷനും, ചികില്‍സയും എല്ലാം ആരംഭിച്ചു. അതേ സമയം ഏറെ ബാധിക്കപ്പെട്ട മഹാരാഷ്ട്രയില്‍ 38 ദിവസങ്ങള്‍ക്ക് ശേഷം, മാർച്ച് ഒന്‍പതിനാണ് ആദ്യ കേസ് കണ്ടെത്തിയത്. പക്ഷെ ഒരു മാസം തികയും മുമ്പ് തന്നെ അവിടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 500 ഓളം ആയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളം എങ്ങനെ പ്രതിരോധിക്കുന്നു
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളം കോവിഡ് പരിശോധനാ സൗകര്യങ്ങൾ വര്‍ദ്ധിപ്പിച്ചു. പരിശോധിക്കപ്പെടുന്നവരുടെ എണ്ണവും വേഗവും ഒപ്പം വർധിപ്പിച്ചു. മാർച്ച് അഞ്ചിന് 574 സാമ്പിളുകള്‍ ആണ് പരിശോധിച്ചതെങ്കിൽ ഏപ്രിൽ മൂന്ന് ആയപ്പോള്‍ ഇത് 9,000 ആയി ഉയര്‍ന്നു. നാല് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ആണ് അദ്യം ചികിത്സ നല്‍കിയിരുന്നത്. ഇപ്പോൾ ഒന്നോ രണ്ടോ രോഗ ലക്ഷണങ്ങള്‍ കണ്ടാൽ തന്നെ ഇവരെ പരിശോധനാ വിധേയരാക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് മാത്രം ആശ്രയിക്കാതെ വീണ്ടും പല ഘട്ടങ്ങളിലായി പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കുന്നു. അതുവരെ മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്റൈനിൽ കഴിയാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ഇത് വരെ 1,70,000 ത്തോളം പേരാണ് ക്വാറന്റൈനിൽ കഴിഞ്ഞത്. ഈ സമയത്ത് ഇവര്‍ പുറത്ത് ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ അവശ്യ സാധനങ്ങൾ വീടുകളിലേക്ക് എത്തിച്ച് നല്‍കുന്നു. ഇതിനായി ആയിരക്കണക്കിന് സന്നദ്ധ സേവകരെയാണ് നിയോഗിച്ചിട്ടുളളത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ 941 പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 1,300 കമ്യൂണിറ്റി കിച്ചണുകള്‍ തുറന്നു. ഇതിലൂടെ 1,50,000 പേര്‍ക്ക് എങ്കിലും പ്രതിദിനം ഭക്ഷണം നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ഈടാക്കിയും ആണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതോടൊപ്പം സൗജന്യ റേഷനും നല്‍കുന്നുണ്ട്. പ്രായമായവര്‍, ഭിന്നശേഷി ക്കാർ, ക്വാറന്റൈനിൽ കഴിയുന്നവര്‍ എന്നിവര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നു.
അന്യ സംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് 5,000 ക്യാമ്പുകള്‍ ഒരുക്കി. ഇവിടെ സോപ്പ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ നല്‍കുന്നുണ്ട്. ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ഇവര്‍ക്ക് വേണ്ട വിവരങ്ങൾ വീഡിയൊ ആയും ലഘുലേഖകളായും നല്‍കുന്നു. മുഖ്യമന്ത്രി എല്ലദിവസവും വീഡിയോ കോൺഫറൻസിലൂടെ മാധ്യമപ്രവർത്തകരെ ദൈനംദിന സ്ഥിതി അറിയിക്കുന്നു. അദ്ദേഹം എല്ലാവരെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയും ചെയ്യുന്നു.