വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണ്ണായകം : വിന്‍സന്‍ എം.പോള്‍

post

കാക്കനാട്: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിലെ  സുതാര്യത ഉറപ്പാക്കുന്നതിനുമായി നിര്‍മ്മിച്ച 2005 ലെ വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണായകമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍  വിന്‍സന്‍ എം.പോള്‍ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനും കേരള മീഡിയ അക്കാദമിയും സംയുക്തമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിലുള്ള  ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സംവിധാനത്തെ ബാധിച്ചിട്ടുളള ചുവപ്പു നാടപോലെയുളള അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ ഒരു ആയുധമാണ് വിവരാവകാശനിയമം. ഇതിനായി ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ക്കണം. പൊതു താത്പര്യമുളള വിവരങ്ങള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വിമുഖരാകേണ്ട കാര്യമില്ല. നിയമം ഉദ്യോഗസ്ഥര്‍ക്കോ ഭരണസംവിധാനത്തിനോ എതിരാണെന്ന ധാരണയും വേണ്ട. അപേക്ഷകര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കേണ്ട ബാധ്യതയും ഔദ്യോഗിക സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ലഭ്യമായ വിവരങ്ങള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷകന് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. നേരത്തെ ഉണ്ടായിരുന്ന ഔദ്യോഗിക രഹസ്യ നിയമം ഇന്ന് വലിയൊരളവോളം അപ്രസക്തമായ കാര്യം എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ നടപടികളെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കിടയിലും ആളുകള്‍ക്കിടയിലും വേണ്ടത്ര അവബോധമുണ്ടായാല്‍ ഇത്തരം നീക്കങ്ങളെ ചെറുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, നിയമത്തിലെ പുത്തന്‍ സാധ്യതകള്‍ എന്നിവ സംബന്ധിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് കമ്മിഷണര്‍മാര്‍ മറുപടി നല്‍കി.

ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍മാരായ എസ്.സോമനാഥന്‍പിളള, ഡോ.കെ.എല്‍.വിവേകാനന്ദന്‍, കെ.വി.സുധാകരന്‍, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ലക്ചറര്‍ കെ.ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.