മുഖ്യമന്ത്രി ഇടപെട്ടു; ജീവന്‍രക്ഷാ ഔഷധവുമായി ഷൈനും രാജനും എത്തി

post

ആലപ്പുഴ: മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലും രണ്ടുപേരുടെ ത്യാഗ സന്നദ്ധതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലും ഒത്തുചേര്‍ന്നപ്പോള്‍ അത്യാസന്ന നിലയിലുള്ള ആലപ്പുഴയിലെ രോഗിക്ക് ജീവന്‍രക്ഷാ ഔഷധം എത്തിക്കാനായി. ലോക് ഡൗണില്‍ രാജ്യം സ്തംഭിച്ചിരിക്കുമ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് ജീവന്‍രക്ഷാ ഔഷധം മണിക്കൂറുകള്‍കൊണ്ടാണ് എത്തിച്ചു നല്‍കിയത്. അത്യാസന്ന നിലയിലുള്ള രോഗിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ രണ്ടു മരുന്നുകള്‍ ലഭ്യമാക്കാന്‍ ലോക് ഡൗണ്‍ മൂലം കഴിയുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പിന് വേണ്ട നടപടി അടിയന്തിരമായി കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ സര്‍ക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും സഹായത്തോടെ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ അതിവേഗം ആരംഭിച്ചു. 

വളരെ വിലകൂടിയ രണ്ടു മരുന്നുകളും ആലപ്പുഴയില്‍ ലഭ്യമായിരുന്നില്ല. ഒന്ന് കോഴിക്കോട് ലഭ്യമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരുന്ന് അവിടെ നിന്ന് ഫ്‌ലയിങ് സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ് ഉടനെ ഇവിടെ എത്തിച്ചു. എന്നാല്‍ രണ്ടാമത്തെ മരുന്ന് ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായി. ഇതിനായി മരുന്നിന്റെ പണം മുന്‍കൂറായി ബാഗ്ലൂരിലെ ഫാര്‍മസിയില്‍ അടച്ചതിന്റെ രസീത് , ഡോക്ടറുടെ മരുന്ന് കുറിപ്പടി, പൊലീസിന്‍റെ റിക്വസ്റ്റ് എന്നിവ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിവി.എന്‍.സജി, കോവിഡ് ചുമതല വഹിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് സബ് എന്‍സ്പെക്ടര്‍ ലാല്‍ജി, ഡി.എം.ഓ എന്നിവര്‍ തയ്യാറാക്കി ബാഗ്ലൂര്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടു.

അവിടെ ജോലിയില്‍ ഉള്ള രണ്ടു മലയാളികള്‍ മരുന്നുമായി വരുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചു. മാവേലിക്കരയില്‍ നിന്നുള്ള രാജന്‍ പി.വര്‍ഗ്ഗീസ്, പത്തനംതിട്ട സ്വദേശിയായ ഷൈന്‍ ഡാനിയേല്‍ എന്നിവരാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഔഷധവുമായി സ്വന്തം കാറില്‍ വരാമെന്ന് അറിയിച്ചത്. രണ്ടുപേരും ബാംഗ്ലൂരിലാണ് ഇപ്പോള്‍ താമസം. ലോക് ഡൗണും വഴിനീളെ തടസ്സങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ജീവന്‍രക്ഷാ ഔഷധമായതിനാല്‍ എങ്ങനെയെങ്കിലും എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.

മരുന്ന് ബാംഗ്ലൂരില്‍ നിന്ന് വാങ്ങി നാലാം തീയതി രാവിലെ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെട്ടു എങ്കിലും തുടക്കത്തില്‍ തന്നെ തടസ്സങ്ങളും തുടങ്ങി. യാത്രയ്ക്കുള്ള കര്‍ണാടക പോലീസിന്റെ അനുമതിക്കായി മൂന്നു നാലു മണിക്കൂറോളം പല ഓഫീസുകള്‍ കയറിയിറങ്ങി. അവിടെ പരമാവധി സൗകര്യങ്ങള്‍ കഴിയാവുന്ന വിധം അവര്‍ ചെയ്തു നല്‍കിയതായി രാജന്‍ പറഞ്ഞു. തുടര്‍ന്ന് നിരവധി ചെക്ക് പോസ്റ്റുകളും പരിശോധനകളും കടക്കേണ്ടിവന്നു. പലപ്പോഴും പൊലീസ് തിരിച്ചയയ്ക്കുക കൂടി ഉണ്ടായി. തുടര്‍ന്ന മുത്തങ്ങയില്‍ എത്തിയപ്പോള്‍ വയനാട് കളക്ടറുടെ അനുമതിയും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആവശ്യപ്പെട്ടു. തുടര്‍ന്ന് ആലപ്പുുഴ ജില്ല കളക്ടര്‍ വയനാട് കളക്ടറുമായി ബന്ധപ്പെടുകയും റവന്യൂ ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനിടെ പലയിടങ്ങളിലും ആലപ്പുുഴ പോലീസ് നേരിട്ട് വിളിച്ച് സംസാരിക്കുകയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. പോലീസിന്റെയും ജില്ല ഭരണ കൂടത്തിന്റെയും സഹായത്തോടെ ഞായറാഴ്ച രാവിലെ 8.30 ന് രാജനും ഷൈനും മരുന്നുമായി ആലപ്പുുഴയില്‍ എത്തി. മരുന്ന് പോലീസിന് കൈമാറി. രാജന്‍ കര്‍ണാടകയില്‍ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ്. ഷൈന്‍ കര്‍ണാടകയില്‍ നഴ്‌സിങ് കോളേജ് നടത്തുന്നു. ഭക്ഷണം പോലും കിട്ടാതെയാണ് ബന്ദിപ്പൂര്‍ വനാന്തരത്തിലൂടെ പ്രതിസന്ധികളെ അവഗണിച്ച് ഇവര്‍ യാത്രചെയ്തത്.