കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ; ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കേസ്
കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. സമ്പര്‍ക്കം വഴി കൊറോണ ബാധ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. ഇതുവരെ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മാത്രമായിരുന്നു ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 53 ആയി. ഇവരില്‍ 19 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ നിലവില്‍ 10430 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 10 പേര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 23 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10343 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 585 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.