തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് ജില്ലയിലേക്കുള്ള എല്ലാ ഇടവഴികളും അടയ്ക്കാന്‍ ഉത്തരവിട്ടു

post

പാലക്കാട്: കോയമ്പത്തൂരില്‍ കോവിഡ് 19 രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് ജില്ലയിലേക്ക് വരുന്ന എല്ലാ ഇടവഴികളും അടയ്ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഈ വഴികളിലൂടെ കാല്‍നട ഉള്‍പ്പെടെയുള്ള എല്ലാവിധ സഞ്ചാരങ്ങള്‍ നിരോധിച്ചതായും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ എല്ലാ അംഗീകൃത ചെക്ക്പോസ്റ്റുകളും നിലവില്‍ അടച്ചിട്ടുണ്ടെങ്കിലും ഇടവഴികളിലൂടെ ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും വാഹനങ്ങളും ആളുകളും പ്രവേശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവിട്ടത്. 

കൂടാതെ, മാങ്ങാ വിളവെടുപ്പ് സമയമായതിനാല്‍ ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാങ്ങാ കര്‍ഷകര്‍ തൊഴിലാളികളെ വാഹനങ്ങളില്‍ കൂട്ടമായി കയറ്റി കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗബാധ കോയമ്പത്തൂരില്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് വരെ പാലക്കാട് ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇത്തരത്തില്‍ ആളുകളെ കൂട്ടമായി കൊണ്ടുപോവുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇങ്ങനെയുള്ള വാഹനങ്ങളെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ചെക്ക്പോസ്റ്റുകളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.