വിളിക്കൂ വീട്ടിലെത്തിക്കാം പദ്ധതിയുമായി കൊടകര ഗ്രാമപഞ്ചായത്ത്

post

തൃശൂര്‍: ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ വിളിക്കൂ വീട്ടിലെത്തിക്കാം ഹോം ഡെലിവറി സര്‍വീസുമായി കൊടകര ഗ്രാമപഞ്ചായത്ത്. രണ്ടാഴ്ചയായി 150 പേര്‍ക്ക് അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുകൊടുത്ത് മാതൃകയാവുകയാണ് കൊടകര ഗ്രാമ പഞ്ചായത്ത്. പലവ്യഞ്ജനങ്ങളും പച്ചക്കറിയും മരുന്നുകളും ഉള്‍പ്പെടെ ഏത് അവശ്യ വസ്തുക്കളും ഫോണ്‍ കാള്‍, വാട്‌സാപ്പ് എന്നിവയിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് ജനമൈത്രി പോലീസും ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഹോം ഡെലിവറി സര്‍വീസ് നടപ്പിലാക്കുന്നത്. രാവിലെ 8 മുതല്‍ 11 വരെ ഓര്‍ഡര്‍ സ്വീകരിക്കുന്നു. അന്നേ ദിവസം ഉച്ചതിരിഞ്ഞ് സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കും. ഓര്‍ഡര്‍ നല്‍കിയവ കയ്യില്‍ കിട്ടിയതിന് ശേഷം പണം നല്‍കിയാല്‍ മതിയാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. അവശ്യ മരുന്നുകള്‍ക്കായി എല്ലാ ദിവസവും സര്‍വീസ് നടത്തുന്നു. പ്രത്യേകമായി സര്‍വീസ് ചാര്‍ജ് ഒന്നും തന്നെ ഈടാക്കുന്നില്ല. പഞ്ചായത്തിലെ 19 വാര്‍ഡിലും ഹോം ഡെലിവറിക്കായി വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.