ലോക്ക് ഡൗണ്‍ ലംഘനം: പരിശോധനകള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം

post

ആലപ്പുഴ: ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പരിശോധനകള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്ത് ഇറങ്ങുന്നവരോട് ആദ്യം കാര്യം പറഞ്ഞ് മനസിലാക്കുകയും വീണ്ടും ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുകയും ചെയ്യും. തുടര്‍ച്ചയായി നിരോധനാജ്ഞ ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും.

ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തുകളില്‍ വാഹനങ്ങള്‍ സജീവമാകാന്‍ തുടങ്ങിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനകള്‍ക്ക് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ദീപക്, സോണി ജോണ്‍, വിനീത്, ശ്രീകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. റോഡില്‍ വാഹനവുമായി അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ സുരക്ഷാ ഉപകരണങ്ങളായ ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ധരിക്കണമെന്നും അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ വാഹന പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ അറിയിച്ചു.