അവധിക്കാല സന്തോഷങ്ങള്‍: കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആര്‍.ടി
തിരുവനന്തപുരം : അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വര്‍ധിപ്പിക്കാനും സര്‍ഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആര്‍.ടി യുടെ അക്കാദമിക മേല്‍നോട്ടത്തില്‍ 'കൈറ്റ്' സാങ്കേതിക പിന്തുണ നല്‍കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.അവധിക്കാല സന്തോഷങ്ങള്‍ എന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഓരോ പ്രവര്‍ത്തനവും വീട്ടിനുള്ളില്‍ തന്നെ പരിശീലിക്കുവാന്‍ കഴിയും. ആരോഗ്യ കായിക വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട എക്സര്‍സൈസ് അറ്റ് ഹോം എന്ന പേരില്‍ വീട്ടില്‍ വച്ചു പരിശീലിക്കാവുന്ന വിവിധ വ്യായാമങ്ങളുടെയും കലാപഠനത്തിന്റെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെയും നിരവധി വിഡിയോകള്‍ സമഗ്ര പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആരോഗ്യ സംബന്ധമായ കായിക ക്ഷമതാ ഘടകങ്ങളായ സ്ട്രെങ്ത്, കാര്‍ഡിയോ റെസ്പിറേറ്ററി എന്‍ഡ്യൂറന്‍സ്, ഫ്ളക്സിബിലിറ്റി, ശരീരാനുപാതം എന്നീ ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള വീഡിയോകളാണ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ തീമുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് തെരഞ്ഞെടുക്കുന്നത്. കായികക്ഷമത മെച്ചപ്പെടുത്താനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും വീഡിയോകള്‍ കുട്ടികള്‍ക്ക് പ്രയോജനകരമാകും.
കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചിത്രം, ശില്പം, സംഗീതം, നൃത്തം, നാടകം എന്നീ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവ് പകരാനും വിവിധ കലാരൂപങ്ങള്‍ പരിചയപ്പെടാനും അവര്‍ക്ക് വീട്ടിലെ സാഹചര്യത്തില്‍ ചെയ്ത് നോക്കാന്‍ കഴിയുന്ന ലളിതമായ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കലാചരിത്രത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പങ്കുവെക്കുന്ന വിഡിയോകളും പ്രവര്‍ത്തന നര്‍ദ്ദേശങ്ങളും പ്രസന്റേഷനുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായ അനുഭവലോകം തുറന്നു കിട്ടുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് പറഞ്ഞു.