കൊവിഡ് പ്രതിരോധത്തിന് ഊര്‍ജ്ജം പകര്‍ന്നത് ആര്‍ദ്രം മിഷന്‍: മന്ത്രി ഡോ. കെ.ടി. ജലീല്‍

post

മലപ്പുറം : കേരളത്തില്‍ കോവിഡിനെതിരെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജ്ജം പകര്‍ന്നത് നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം പദ്ധതിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കേരളത്തിലെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെട്ടത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ അയ്യായിരത്തിലധികം തസ്തികകളിലാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പുതുതായി നിയമനം നടത്തിയത്. ഇതില്‍ 1600-ാളം ഡോക്ടര്‍മാരും 3400ല്‍ അധികം പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആരോഗ്യമേഖലയെ  പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കരുതെന്ന  അനുഭവ പാഠമാണ് നമുക്ക് നല്‍കുന്നത്. ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള അടിസ്ഥാന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവ് നമ്മുടെ നാടിന് ഏറെ ഗുണം ചെയ്യുന്നു.  

വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരെ ബന്ധപ്പെട്ടവര്‍ കൃത്യമായി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കോവിഡ് 19 അടക്കമുള്ള നിരവധി സാമൂഹ്യ വിപത്തുകളെ ക്രിയാത്മകമായി തടയുന്നതിന് നമുക്ക് സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി ബിന്‍സിലാല്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ എന്നിവരും പങ്കെടുത്തു.