പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി 'ഇലകള്‍ പച്ച' മൊബൈല്‍ ആപ്ലിക്കേഷന്‍

post

മലപ്പുറം:  ലോക് ഡൗണ്‍ കാലത്ത് പഠന വൈകല്യമുള്ള  കുട്ടികളുടെ തുടര്‍ പരിശീലനം ഉറപ്പുവരുത്താനായി വീടുകളില്‍ നിന്ന് ഉപയോഗിക്കാവുന്ന രീതിയില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറായി. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ഒരു മാസത്തേക്ക്  ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് സര്‍വ്വകലാശാലയിലെ മന:ശാസ്ത്ര  വിഭാഗം നടപ്പിലാക്കുന്ന സി.ഡി.എം.ആര്‍.പി യാണ് ഈ സംവിധാനം  ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലുള്ള പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ആക്ടിവിറ്റിയിലും കുട്ടികളുടെ പുരോഗതി, ആവശ്യമായ നിര്‍ദേശങ്ങള്‍ എന്നിവ അതത് സമയത്ത് ലഭ്യമാകും. സി.ഡി.എം. ആര്‍.പി.യിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബീന മനോജും ഐ.ടി വിദഗ്ധനായ മനോജ് കുമാര്‍ സുദര്‍ശനവും ചേര്‍ന്ന് ബിഗ് വാക്ടര്‍ എഡ്യൂക്കേഷന്റെ സഹായത്തോടെയാണ് അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും  ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. CDMRP&SJD എന്ന പാസ് വേഡ് ഉപയോഗിച്ച് ആപ്ലിക്കേഷന്‍ ഒരു മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. 

തുടക്കത്തില്‍ സി.ഡി. എം. ആര്‍. പി.യില്‍ തെറാപ്പി ലഭിക്കുന്ന കുട്ടികള്‍ക്ക് മാത്രമായിരുന്നു സൗജന്യമായി ഈ അപ്ലിക്കേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഗുണഭോക്താക്കളുടെ ആവശ്യം പരിഗണിച്ച്് സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഒരുമാസത്തേക്ക് സൗജന്യമായി ആപ്ലിക്കേഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

കൂടാതെ ഭിന്നശേഷിക്കാരുടെ പരിശീലനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനായി  വിവിധ തെറാപ്പിസ്റ്റുകള്‍ തയ്യാറാക്കിയ മുഴുവന്‍ പരിശീലന വീഡിയോകളും  സി.ഡി.എം.ആര്‍.പി യൂട്യൂബ് ചാനലിലൂടെ ലഭിക്കും. കുട്ടികള്‍ക്ക് ആവശ്യമായ പൊതുവായ പരിശീലന  നിര്‍ദേശങ്ങളാണ് ഇതിലൂടെ ലഭിക്കുക.ലോക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖയും യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിട്ടുണ്ട്.  സി.ഡി.എം.ആര്‍.പിയുടെ ടെലി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ് ഭാഗമായിട്ടാണ് ഈ സൗകര്യം തയ്യാറാക്കിയത്.ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കോഴിക്കോട് സര്‍വ്വകലാശലയും കരള സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സി.ഡി. എം. ആര്‍. പി. നിലവില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി 11 കമ്മ്യൂനിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.