കോവിഡ് 19: സമാശ്വാസ നടപടികളുമായി പട്ടികജാതി വികസന വകുപ്പ്

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കോളനികളില്‍ കുടിവെള്ള വിതരണം, ഭക്ഷണം, അത്യാവശ്യ മരുന്നുകള്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കല്‍ എന്നിവ നടത്തി. ജില്ലയിലെ 31,609 പട്ടികജാതി കുടുംബങ്ങളില്‍ 25,611 ലും വകുപ്പിലെ  പ്രമോട്ടര്‍മാര്‍ എത്തി വിവര ശേഖരണവും ആവശ്യമായവര്‍ക്കു  വേണ്ട സഹായങ്ങളും നല്‍കി. കോവിഡ് ബോധവത്ക്കരണ ലഘുലേഖകള്‍ ആകെയുള്ള 1695 ല്‍ 1524 സങ്കേതങ്ങളിലും വിതരണം ചെയ്തു. ആകെയുള്ള 1,43,564 പട്ടികജാതി ജനസംഖ്യയില്‍ 244 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ആരും രോഗബാധിതരായിട്ടില്ല.  ഭക്ഷണം ആവശ്യമായവര്‍ക്ക്  സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട് ഭക്ഷണമെത്തിക്കാനും നടപടി സ്വീകരിച്ചു.  

    മല്ലപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുത്തു. ജില്ലയിലെ മറ്റ് അഞ്ച്  പ്രീമെട്രിക് ഹോസ്റ്റലുകളും ആവശ്യമെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന അറിയിച്ചു. ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ അടിയന്തര നടപടികള്‍ക്കായി സഹായസെല്‍ പ്രവര്‍ത്തിച്ചു വരുന്നു.