ജില്ലയില്‍ വിപുലമായ ഐസൊലേഷന്‍ സൗകര്യം

post

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 29 കിടക്കകള്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 50 , നെയ്യാറ്റിന്‍കര ജി.എച്ചില്‍ ഒന്‍പത്, നെടുമങ്ങാട് എട്ട്,പേരൂര്‍ക്കട 10, എസ് എ ടി ആശുപത്രിയില്‍ 10 കിടക്കകള്‍ വീതമാണുള്ളത്. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ 145ഉം എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ 350 ഉം കിടക്കകളുണ്ട്. ചിറയിന്‍കീഴ് താലൂക്കിലെ ആഡിറ്റോറിയങ്ങളില്‍ 2200 കിടക്കകള്‍ തയാറാക്കാനും അടിമലത്തുറയില്‍ 1000 കിടക്കകള്‍ തയാറാക്കാനുമുള്ള സ്ഥല സൗകര്യമുണ്ട്. ജില്ലയിലെ വിവിധ ഹോസ്റ്റലുകളില്‍ ഏകദേശം 4000 കിടക്കകളും ലഭ്യമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ പ്രൈവറ്റ് സ്‌കൂള്‍ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്തുടനീളമുള്ള 2600-ഓളം അംഗങ്ങളുടെ സ്‌കൂള്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വിട്ടുനല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ കേരള ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ജില്ലയിലെ തഹസില്‍ദാര്‍മാരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് (കിടക്കകള്‍ സജ്ജീകരിക്കാനുള്ള സ്ഥലസൗകര്യം ഒഴികെ)കാട്ടാക്കട 100, ചിറയിന്‍കീഴ് 100, നെടുമങ്ങാട് 532, വര്‍ക്കല 532, നെയ്യാറ്റിന്‍കര 431 കിടക്കകള്‍ ലഭ്യമാണ്. ഇവാനിയോസ് ഹോസ്റ്റലുകളില്‍ 1866 കിടക്കകളും മറ്റ് ഹോസ്റ്റലുകളില്‍ 2433 കിടക്കകളും ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാണ്. ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളേജ് ആശുപത്രിയും കോവിഡ് ആശുപത്രികളായി പരിവര്‍ത്തനം ചെയ്താല്‍ കിടക്കകളുടെ എണ്ണം ആയിരമായി ഉയര്‍ത്താനും സാധിക്കും. നിംസ്, കാരക്കോണം ആശുപത്രികള്‍ 75 കിടക്കകള്‍ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് കീഴില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ടീം കിടക്കകള്‍ സജ്ജീകരിക്കാന്‍ ലഭ്യമായ സ്ഥല സൗകര്യങ്ങളെ സംബന്ധിച്ചും കിടക്കകളെ  സംബന്ധിച്ചും വിലയിരുത്തല്‍ നടത്തും.