പ്രായമായവർ മാത്രം ഉള്ളയിടങ്ങളിൽ അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ച് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ

post

മലപ്പുറം : കൊറോണയുടെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌൺ തുടരുന്ന സാഹചര്യത്തിൽ, പ്രായമായവർ മാത്രം ഉള്ളയിടങ്ങളിൽ അവശ്യ സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചു നൽകി മാതൃകയാവുകയാണ് മലപ്പുറം ജില്ലാ മിഷൻ. പ്രായമായവർ മാത്രം താമസിക്കുന്ന ഇടങ്ങളിൽ വിവരം ലഭിക്കുന്നതനുസരിച്ച് പലചരക്ക്, പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ ആണ്  ജില്ലാ മിഷൻ എത്തിച്ചു നൽകുന്നത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉള്ള ഏകദേശം പന്ത്രണ്ടോളം വീടുകളിൽ ഇതിനോടകം സാധനകളെത്തിച്ചു നൽകി കഴിഞ്ഞു കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ.  കുടുംബശ്രീയുടെ  മലപ്പുറം ജില്ലാ മിഷൻ ഓഫീസിൽ തൊഴിലെടുക്കുന്ന  ഉദ്യോഗസ്ഥരാണ്  ഇത്തരത്തിൽ  പ്രായമായവർ മാത്രം താമസിക്കുന്ന ഇടങ്ങളിൽ അവശ്യ  സാധനങ്ങൾ  വാങ്ങി എത്തിച്ചു നൽകുന്നത്. വെഹിക്കിൾ പാസ് ഉള്ള ഉദ്യോഗസ്ഥരാണ് സാധനം എത്തിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷനിലടക്കം വിവിധ ഇടങ്ങളിൽ ആണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉള്ള കമ്മ്യൂണിറ്റി  കിച്ചണുകൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ കൺട്രോൾ റൂം നമ്പർ ആയി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനിലെ ലാൻഡ് ഫോൺ നമ്പറും ജില്ലാ മിഷൻ കോർഡിനേറ്ററിന്റെ ഫോൺ  നമ്പറും ജില്ലാ മിഷനിലെ ഓഫിസ് സ്റ്റാഫിന്റെ ഫോൺ  നമ്പറും ആണ്. ഇതിലേക്ക് വന്ന ഒരു  ഫോൺ കാൾ ആണ് ഇത്തരത്തിലൊരു ഉദ്യമത്തിലേക്ക് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനെ നയിച്ചത്. തങ്ങൾ ഒറ്റക്ക്  താമസിക്കുന്ന വയോധികരാണെന്നും ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ പച്ചക്കറിയും സാധനങ്ങളും വാങ്ങി എത്തിച്ചു നൽകാൻ കഴിയുമോ എന്നുമായിരുന്നു അങ്ങേത്തലയ്ക്കൽ നിന്നുള്ള ആവശ്യം. തുടർന്ന് അവർ തങ്ങൾക്കാവശ്യമുള്ള  സാധങ്ങളുടെ ലിസ്റ്റ് നൽകുകയും  അതനുസരിച്ചു അവർക്ക് വേണ്ട സാധനങ്ങൾ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എത്തിച്ചു നൽകുകയും ചെയ്തു . സാധനങ്ങൾ വാങ്ങി ഒപ്പം ബില്ലുമായി ചെന്നപ്പോൾ അവർക്ക്  ആ വയോധിക ദമ്പതികൾ ചിലവായ പണം നൽകുകയും ചെയ്തു . ഏക മകൻ അമേരിക്കയിൽ ആണ് തൊഴിലെടുക്കുന്നതെന്നും അടുത്തൊന്നും ബന്ധുക്കൾ ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ കുടുംബശ്രീ ഓഫീസിലേക്ക് വിളിച്ചതെന്നായിരുന്നു അവർ പറഞ്ഞത്. സാധങ്ങളുടെ കുറിപ്പടി അനുസരിച്ച് ഒരാഴ്ചത്തേക്കുള്ള  സാധനങ്ങൾ വാങ്ങി നൽകുകയും അത് തീർന്ന മുറയ്ക്ക് ഒരാഴ്ചത്തേക്ക് കൂടെയുള്ള  സാധനങ്ങൾ വീണ്ടും വാങ്ങി നൽകുകയും ചെയ്തു കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഉദ്യോഗസ്ഥർ.

ഇത്തരത്തിൽ ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾ വിളിച്ചു ചോദിക്കുന്ന മുറയ്ക്ക് സാധനങ്ങൾ വാങ്ങി നൽകുകയാണ് ചെയ്യുന്നത്. ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമായതിനാൽ ഈ സേവനത്തിനു അത്ര പ്രചാരം നൽകിയിട്ടില്ല കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ. ആവശ്യങ്ങൾ അനുസരിച്ച് വിളിക്കുന്നവർക്ക് സാധങ്ങൾ വാങ്ങി എത്തിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. മരുന്നുകളുടെ ആവശ്യങ്ങൾക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി സേവനങ്ങൾ എത്തിച്ചു നൽകി, ഈ പ്രതിസന്ധി ഘട്ടത്തിലും പ്രായമായവർക്ക് തുണയാവുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ.