കേരളത്തില്‍ 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 263 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

post

തിരുവനന്തപുരം:  കേരളത്തില്‍ 9 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് നാലും കണ്ണൂരില്‍ മൂന്നും കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ വിദേശരാജ്യത്തുനിന്നു വന്നവരും രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും മൂന്നു പേര്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമാണ്.

നിലവില്‍ 263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച 12 പേരുടെ ഫലം നെഗറ്റീവായി. ഇതില്‍ അഞ്ച് പേര്‍ കണ്ണൂരും നാലു പേര്‍ എറണാകുളത്തും ഒന്നു വീതം പേര്‍ തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലുമാണ്. 1,46,686 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,45,934 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതികൂല അവസ്ഥയിലും നഴ്സുമാര്‍ നടത്തുന്ന ത്വാഗോജ്വല പ്രവര്‍ത്തനം നമുക്കാകെ അഭിമാനം പകരുന്നതാണ്. മറ്റു സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന മലയാളികളായ നഴ്സുമാരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി, മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. നഴ്സുമാര്‍ നമുക്ക് നല്‍കുന്ന കരുതല്‍ അതേനിലയില്‍ തിരിച്ചു നല്‍കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ലോക മലയാളി സമൂഹവും സംഘടനകളും ഇടപെടാന്‍ പറ്റുന്ന തലങ്ങളില്‍ ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.