വ്യാജവാറ്റ് കണ്ടെത്താന്‍ ഇനി ഡ്രോണും; നടപടികള്‍ ഊര്‍ജജ്ജിതമാക്കി എക്‌സൈസ് വകുപ്പ്
പത്തനംതിട്ട : ലോക് ഡൗണ്‍ കാലത്ത് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ജില്ലയിലെ എക്‌സൈസ് വകുപ്പ്. വ്യാജവാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. വിദേശമദ്യ ഷാപ്പുകളും ബാറുകളും അടച്ചിട്ട പശ്ചാത്തലത്തില്‍ വ്യാജവാറ്റ് വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തുടക്കം മുതല്‍ക്കേ കര്‍ശനമായ നടപടികളാണ് എക്സൈസ് വകുപ്പ് സ്വീകരിച്ചു വരുന്നത്. മുന്‍പ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും അതിന്റെ ഫലമായി മലയോര മേഖലകള്‍ കേന്ദ്രീകരിച്ചു വ്യാജവാറ്റ് കേന്ദ്രങ്ങള്‍ കണ്ടത്തുകയും ചെയ്യുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ നടക്കുന്ന വ്യാജമദ്യ നിര്‍മ്മാണത്തിന്റെ രഹസ്യവിവരങ്ങള്‍ നല്‍കുന്നതില്‍ നാട്ടുകാരില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ഡ്രോണ്‍ സംവിധാനം വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ജില്ല ഇന്റലിജന്‍സ് വിഭാഗവും ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജവാറ്റുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അറിയിക്കാന്‍ 0497 2706698 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഏപ്രില്‍ നാലിന് പയ്യന്നൂര്‍ കുന്നരുവില്‍ നിന്ന് 4 ലിറ്റര്‍ ചാരായവുമായി കടവത്ത് വളപ്പില്‍ ഷാജീവന്‍ എന്നയാള്‍ക്കെതിരെ കസെടുത്തിരുന്നു. പയ്യന്നൂര്‍ റെയിഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജവാറ്റ് കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കനുസരിച്ച് 49 അബ്കാരി കേസുകളില്‍ നിന്നായി നാലായിരം ലിറ്ററോളം വാറ്റാണ് ജില്ലയില്‍ പിടിച്ചെടുത്തത്. 2 നര്‍കോട്ടിക് കേസുകളും രജിസ്റ്റര്‍ ചെയ്തു. 30 ലിറ്റര്‍ ചാരായം, വാഷ് എന്നിവയും പിടികൂടി. വ്യാജമദ്യ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ശര്‍ക്കര വെല്ലം കൂടുതലായി വാങ്ങുന്നവരെ നിരീക്ഷിക്കുന്നുണ്ട്. ലഹരി വിമുക്തപ്രവര്‍ത്തനങ്ങളിലും മികച്ച ഇടപെടലാണ് നടത്തി വരുന്നത്. മദ്യാസക്തി ഉള്ള 69 പേര്‍ക്ക് ലഹരി വിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കി. ഇതില്‍ 65 പേരും ഭേദമായി തങ്ങളുടെ കുടുംബങ്ങളില്‍ എത്തി.