ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ വീട് വിട്ടുനല്‍കി വിദേശ മലയാളി

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി വിദേശ മലയാളി. വര്‍ഷങ്ങളായി അമേരിക്കയിലെ ഡാലസില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന രാജു ജോണ്‍, ആനി രാജുജോണ്‍ ദമ്പതികളുടെ മല്ലപ്പള്ളി കീഴ്വായ്പൂരിലുള്ള മഠത്തില്‍ മേപ്രത്ത് എന്ന വീടാണ് ഇതിനായി വിട്ടുനല്‍കിയത്. മാത്യു ടി. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധു ജോര്‍ജ് വര്‍ഗീസില്‍ നിന്ന് വീടിന്റെ താക്കോല്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഏറ്റുവാങ്ങി. ഏഴു മുറികളും എല്ലാ മുറികള്‍ക്കും അറ്റാച്ചിഡ് ബാത്ത്റൂം സൗകര്യവുമുള്ള വീടാണിത്. എല്ലാ വര്‍ഷവും കുടുംബം നാട്ടിലെത്തി താമസിക്കുന്നത് ഈ വീട്ടിലാണ്.

ഐസലേഷന്‍ വാര്‍ഡൊരുക്കാന്‍ വീട് വിട്ടുനല്‍കുന്നതിനെപ്പറ്റി അധികാരികള്‍ ചോദിച്ചപ്പോള്‍ സ്വമനസാലെ ഇവര്‍ തങ്ങളുടെ വീട് വിട്ടുനല്‍കുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണു രാജു ജോണ്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവല്‍, തഹസില്‍ദാര്‍ ടി.എ മധുസൂദനന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാറന്മാരായ സുനില്‍ എം. നായര്‍, ഡി. അജയന്‍, വര്‍ഗീസ് മാത്യു, വില്ലേജ് ഓഫീസര്‍ ജി.രശ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലക്സ് കണ്ണമല, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.