ചേളാരി വി.എച്ച്.എസ്.സി.യില്‍ 2.75 കോടിയുടെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജം

post

മലപ്പുറം: ചേളാരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമായി. 2.75 കോടി രൂപ ചെലവില്‍ മൂന്ന് നിലകളോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം നവംബര്‍ 25 ന് വൈകിട്ട് നാലിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കും. 

ആറ് ക്ലാസ് മുറികള്‍, ഡിസൈനിങ് ആന്‍ഡ് പ്രിന്റിങ് ലാബ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലാബ്, ഫിസിക്‌സ്, കെമിസ്ട്രി ലാബുകള്‍, വി.എച്ച്.എസ്.ഇ. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, കരിയര്‍ ഗൈഡന്‍സ് റൂം, ഗേള്‍സ് റസ്റ്റ് റൂം, 400 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ അടങ്ങിയതാണ് കെട്ടിടം. മൂന്ന് നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ശുചി മുറികളും മുഴുവന്‍ ക്ലാസുകളിലും ഗ്രീന്‍ വൈറ്റ് ബോര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

മുഴുവന്‍ ക്ലാസുകളിലും ഇന്റര്‍നെറ്റ്, കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍, പബ്ലിക് അഡ്രസിങ് സിസ്റ്റം, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, ജലലഭ്യത ഉറപ്പുവരുത്താന്‍ കുഴല്‍ കിണര്‍ എന്നീ സൗകര്യങ്ങളും പുതിയ സ്‌കൂള്‍ കെട്ടിടത്തിലുണ്ട്. നബാര്‍ഡില്‍ നിന്ന് വി.എച്ച്.എസ്.സി. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി 3.75 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ മഞ്ചേരി ആസ്ഥാനമായുള്ള കൈറ്റ് കണ്‍സ്ട്രക്ഷന്‍സ് 2.75 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിനായി 2.55 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയും മൂന്ന് കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. നബാര്‍ഡില്‍ നിന്ന് അനുവദിച്ച തുകയില്‍ ബാക്കിയുള്ള ഒരു കോടി രൂപ വിനിയോഗിച്ച് സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

ഉദ്ഘാടന ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. അധ്യക്ഷനാകും. പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ്. വി ശിഷ്ടാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം കോഴിക്കോട് നോര്‍ത്ത് ഡിവിഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജി. എസ്. ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.