രക്തദാനത്തിന് സന്നദ്ധര്‍ മുന്നോട്ടുവരണം -മുഖ്യമന്ത്രി

post

തിരുവനന്തപുരം : ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ക്ക് രക്തം ലഭിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ സത്വരശ്രദ്ധ പതിപ്പിക്കണം.

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകള്‍ അയച്ചു. ഇവര്‍ക്ക് അടിയന്തര നിയമനം നല്‍കും. കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കര്‍ണാടകത്തിലെ ആശുപത്രികളില്‍ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്. അവയില്‍ ഏറെനേരം വൈറസുകള്‍ തങ്ങിനില്‍ക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്‌കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച 1940 ചരക്കുലോറികള്‍ സംസ്ഥാനത്തേക്ക് വന്നത് കഴിഞ്ഞദിവസത്തേക്കാള്‍ വര്‍ധനയാണ്. അത്യാവശ്യഘട്ടം വന്നാല്‍ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്തുന്നതില്‍ വലിയ പുരോഗതിയാണുള്ളത്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1.73 ലക്ഷം കിടക്കകളില്‍  1.1 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യമാണ്. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതുമൂലം കര്‍ഷകര്‍ക്കുള്ള പ്രയാസത്തില്‍ അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കും.  

ലോക്ക്ഡൗണ്‍ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് വലിയ പ്രശ്‌നമാണ്. വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം ലൈസന്‍സ് പിടിച്ചുവെക്കുകയോ പിഴ ഈടാക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വൃദ്ധ-വികലാംഗ സദനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ആറുമാസമായി ശമ്പളമില്ല എന്ന പരാതിയുണ്ടായിരുന്നു. അവര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നീട്ടിക്കൊടുക്കും. ഈ ലോക്ക്ഡൗണ്‍ കാലത്ത്  സംസ്ഥാന വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ സേവനം ശ്ലാഘനീയമാണ്.

തണ്ണിത്തോട് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായ പോലുള്ള സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലുള്ള രീതി അനുവദിക്കില്ല. അക്രമണത്തിനു പിന്നില്‍ ആരായാലും ദാക്ഷണ്യമില്ലാതെ നടപടി സ്വീകരിക്കും.  കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അച്ഛന് നേര്‍ക്ക് വധഭീഷണിയുണ്ടായിരുന്നു. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് വിവരം. നാടും നാട്ടുകാരും ഇത്തരം കുത്സിത പ്രവൃത്തികള്‍ക്കെതിരെ ശക്തമായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.