കോവിഡ് 19: കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ രണ്ടു കോടി രൂപ അനുവദിച്ചു

post

11 ആംബുലന്‍സുകള്‍, 2 വെന്റിലേറ്ററുകള്‍,  കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തുക വിനിയോഗിക്കും 

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച കത്ത് കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സന്നിഹിതനായിരുന്നു. 

      ഫണ്ടില്‍ നിന്നും കോന്നി താലൂക്ക് ആശുപത്രിക്കും കോന്നി ഒഴികെയുള്ള 10 പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന സി.എച്ച്.സി, എഫ്.എച്ച്.സി, പി.എച്ച്.സി തുടങ്ങിയവയ്ക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്കും. കോന്നി താലൂക്ക് ആശുപത്രിക്ക് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് നല്കാന്‍ കഴിയുന്ന ആംബുലന്‍സും മറ്റു പത്തു പഞ്ചായത്തുകളിലെ സ്ഥാപനങ്ങള്‍ക്ക് ഓരോ മിനി ആംബുലന്‍സും വാങ്ങി നല്കും. കോന്നി താലൂക്ക് ആശുപത്രിയില്‍ രണ്ടു വെന്റിലേറ്ററുകള്‍ വാങ്ങി നല്കും.

       കോന്നി നിയോജക മണ്ഡലത്തിലെ ആശുപത്രികള്‍ക്കായി ഓക്സിജന്‍ സിലണ്ടര്‍ വിത്ത് സ്റ്റാന്റ് 50 എണ്ണം വാങ്ങും. കോവിഡ് പരിശോധനകള്‍ക്കായി റാപ്പിഡ് ടെസ്റ്റ് കിറ്റ് 2000 എണ്ണവും, പി.പി.ഇ കിറ്റ് 1000 എണ്ണവും, ത്രീ ലെയര്‍ മാസ്‌ക് 5000 എണ്ണവും വാങ്ങും. 50 വീല്‍ചെയര്‍, സ്ട്രക്ചര്‍ ട്രോളി 50 എണ്ണം തുടങ്ങിയവ വാങ്ങുന്നതിനും തുക വിനിയോഗിക്കും. ഇന്‍ഫ്രാറെഡ് ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ എല്ലാ ആശുപത്രിക്കും ലഭ്യമാക്കും. ആവശ്യകതയ്ക്കനുസരിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവയും വാങ്ങും.

       കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കോവിഡ്ബാധയെ നേരിടുന്നതിനു പര്യാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര സഹായമായാണ് രണ്ട് കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചു നല്കുന്നതെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എപറഞ്ഞു. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനും പൊതുജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുന്ന നിലയിലേക്ക് കോന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളേയും മാറ്റി തീര്‍ക്കുമെന്നും എം.എല്‍.എ പറഞ്ഞു.