ജീവന്‍രക്ഷാ മരുന്നെത്തിച്ച് വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ ഫയര്‍ഫോഴ്സ് ടീം

post

പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ രോഗികള്‍ക്ക് വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കി. മെഴുവേലി വിനോദ് ഭവനത്തില്‍ അവയവമാറ്റം കഴിഞ്ഞ് വിശ്രമിക്കുന്ന വിനോദ് കുമാറിന് ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 9 വ്യാഴം ) മരുന്ന് എത്തിച്ചത്. 

അവയവമാറ്റം, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാക്കാന്‍ ഫയര്‍ഫോഴ്സ് ടീം കാണിക്കുന്ന പരിശ്രമം വളരെ വലുതാണെന്നും തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നാണ് ഇത്തരം മരുന്നുകള്‍ ഫയര്‍ഫോഴ്സ് എത്തിക്കുന്നതെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. 

ജില്ലാ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, തിരുവല്ല, അടൂര്‍, റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളിലെ ആറ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണു ജീവന്‍രക്ഷാമരുന്നുകള്‍ അവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നത്. എട്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ ആര്‍.സി.സിയില്‍ നിന്ന് എത്തിച്ചതാണ്. നിര്‍ധനരായ രോഗികളില്‍ നിന്ന് ഇവര്‍ മരുന്നിന്റെ പൈസ വാങ്ങാറില്ല. മറ്റുള്ളവരില്‍നിന്ന് ബില്‍ തുക മാത്രമാണ് ഈടാക്കുന്നത്. 

ജില്ലയിലെ പത്ത് പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുകയും, മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മ, തെക്കേമലയിലെ അഗതിമന്ദിരം എന്നിവിടങ്ങളില്‍ 50 കിലോ അരിയുള്‍പ്പെടെയുള്ള പലവഞ്ജനസാധനങ്ങള്‍ രണ്ടിടങ്ങളില്‍ നല്‍കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യത്തിലും വാഹനം ആവശ്യമായിവരുന്ന നിര്‍ധനരും ആലംബഹീനരുമായവര്‍ക്കും 101 ല്‍ വിളിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സിന്റെ സഹായം ആവശ്യപ്പെടാനാകും.