കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റ് വാര്‍ റൂം

post

* അന്തര്‍ സംസ്ഥാന ചരക്ക് നീക്കം പ്രധാന ചുമതല

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റിലെ വാര്‍ റൂം. അന്തര്‍ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളാണ് വാര്‍ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പരാതികള്‍ക്ക് ഇടനല്‍കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകരാമാണ് വാര്‍ റൂം സജ്ജീകരിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ്, ന്യൂസ് മോണിറ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാള്‍ സെന്ററും വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്. 

അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമാക്കിയത് വാര്‍ റൂമിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം ദിവസം 500 ലോഡുകളായി കുറഞ്ഞ ചരക്കു വാഹനങ്ങള്‍ ഇപ്പേള്‍ 2500 ഓളം ലോഡുകളായി. ഇതര സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥരുമായി നേരിട്ടും വാട്‌സ് ആപ്പ് വഴിയും ബന്ധപ്പെട്ടാണ് ചരക്ക് നീക്കം സുഗമമാക്കിയത്. ഒപ്പം മറ്റു സ്ഥാങ്ങളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കാനും സഹായകമായി. മൊത്ത വിതരണക്കാരുമായി ദിവസവും ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്റ്റോക്കുള്ള അവശ്യ വസ്തുക്കളുടെ കണക്ക് ശേഖരിക്കുകയും കുറവുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതും വാര്‍ റൂമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും മൊത്ത കച്ചവടക്കാരുമായി നേരിട്ട് സംസാരിച്ചാണ് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നത്. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും സമാന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കഴിയുന്ന വിധത്തിലാണ് വാര്‍റൂം സജ്ജീകരിച്ചിരിക്കുന്നതെന്ന് ചുമതല വഹിക്കുന്ന പൊതുഭരണ വകുപ്പ്് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വാര്‍ റൂം കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ തന്നെ താഴെതട്ടില്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കാവശ്യമായ സാഹയങ്ങളും വാര്‍ റൂം വഴി ലഭ്യമാക്കുന്നുണ്ട്്. ഐ എഫ് എസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിദേശത്ത് കഴിയുന്ന മലയാളികള്‍ക്ക് സഹായമൊരുക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

പോലീസ്, അഗ്നിരക്ഷാ സേന, ഗതാഗതം, തദ്ദേശ സ്വയംഭരണം, റവന്യൂ, തൊഴില്‍, ആരോഗ്യം, ഭക്ഷ്യപൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ പ്രത്യക ഡെസ്‌കുകള്‍ വാര്‍ റൂമില്‍ ക്രമീകരിച്ചിട്ടുണ്ട്. പോര്‍ട്ട് സെക്രട്ടറി സഞ്ജയ് കൗളിനാണ് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിന്റെയും മൊത്തത്തിലുള്ള ചുമതല. എസ് കാര്‍ത്തികേയന്‍, പി.ആര്‍ പ്രേം കുമാര്‍, എ. കൗശികന്‍, പ്രണബ് ജ്യോതിനാഥ്, കെ. ജീവന്‍ബാബു, ഹരിത വി. കുമാര്‍, ജോഷി മൃണ്‍മയി ശശാങ്ക്, കെ. ഇമ്പശേഖര്‍, പി.ഐ. ശ്രീവിദ്യ, എസ്. ചന്ദ്രശേഖര്‍, എന്നിവരുടെ മേല്‍ നോട്ടത്തിലാണ് വിവിധ ഷിഫ്്റ്റുകളിലായി വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. 0471-2517225, 2781100, 2781101 എന്നീ നമ്പറുകളില്‍ വാര്‍ റൂമുമായി ബന്ധപ്പെടാം.