കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

post

*സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 258 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു ദിവസത്തിനുള്ളില്‍ പുതിയ നാലു ലാബുകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഓരോ ലാബുകള്‍ ഇത്തരത്തില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവായിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തിയിലെ പ്രശ്നം കാരണം ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരണമടഞ്ഞു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരചികിത്സ ആവശ്യമുള്ളവരെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. കാസര്‍കോട് നിന്ന് രോഗികളെ കേരളത്തിലെ മറ്റ് ആശുപത്രികളിലേക്ക് ആകാശമാര്‍ഗം എത്തിക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വ്യാഴാഴ്ച 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേര്‍ വീതം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും രണ്ടു പേര്‍ മലപ്പുറത്തും ഓരോരുത്തര്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്. 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതില്‍ ആറു പേര്‍ എറണാകുളത്തും മൂന്നു പേര്‍ കണ്ണൂരും രണ്ടു പേര്‍ വീതം ഇടുക്കി, മലപ്പുറം ജില്ലകളിലുമുള്ളവരാണ്. നിലവില്‍ 258 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ള 7.5 ശതമാനം പേരും 20 വയസില്‍ താഴെയുള്ള 6.9 ശതമാനം പേരുമാണ് ചികിത്സയിലുള്ളത്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

യു. എ. ഇയില്‍ ഒരു ദശലക്ഷത്തിലധികം മലയാളി പ്രവാസികളുണ്ട്. ഇവിടത്തെ ഗുരുതരമായ സ്ഥിതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇവരുടെ പ്രശ്നം സംബന്ധിച്ച് നോര്‍ക്ക എംബസിക്ക് കത്തയച്ചിരുന്നു. യു. എ. ഇയിലെ സ്‌കൂള്‍ ഫീസ് താത്ക്കാലികമായി ഒഴിവാക്കുമെന്നും പാസ്പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കുവൈറ്റ് അംബാസഡര്‍ ജീവസാഗറും അറിയിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആരോഗ്യ പരിപാലന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്ത് മാത്രം മുന്നോട്ടു പോകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ടിനായി അനുവാദം നല്‍കണമെന്നും സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനുമായി പുറത്തെ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാന വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആര്‍. സി. സിയില്‍ ചികിത്സ മുടങ്ങിയവര്‍ക്ക് ആരോഗ്യവകുപ്പും ആര്‍. സി. സിയും സംയുക്തമായി പ്രാദേശിക തലത്തില്‍ ചികിത്സ സംവിധാനം ഒരുക്കും. തുടര്‍പരിശോധന, മരുന്ന്, സാന്ത്വന ചികിത്സ എന്നിവയ്ക്ക് പ്രാദേശിക ആശുപത്രികളിലാവും സൗകര്യമൊരുക്കുക. ഈ ആശുപത്രികളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ലോക്ക്ഡൗണ്‍ കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ആദ്യദിനം എ. എ. വൈ, ആദിവാസി മേഖലകളിലുള്ളവര്‍ക്കാണ് വിതരണം ചെയ്തത്. 47,000 കിറ്റുകള്‍ വിതരണം ചെയ്തു.

രോഗവ്യാപനം വര്‍ധിക്കുന്നില്ലെന്നതിനാല്‍ സുരക്ഷിതരായെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. ഈ ചിന്ത ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇടവരുത്തരുത്. അശ്രദ്ധകാട്ടിയാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചില ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയം എസ്. എല്‍. ബി. സിയുമായി ചര്‍ച്ച ചെയ്യും. തിരുവനന്തപുരം ശ്രീചിത്ര, മെഡിക്കല്‍ കോളേജ്, ആര്‍. സി.സി എന്നിവിടങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്ക് സൗകര്യങ്ങളൊരുക്കും. ആര്‍ക്കും ചികിത്സ നിഷേധിക്കുന്ന സമീപനം കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിനുള്ള അഭ്യര്‍ത്ഥന നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. 1023 പേര്‍ വ്യാഴാഴ്ച രക്തദാനം നടത്തി.

സംസ്ഥാനത്തെ വളം, കീടനാശിനി, വിത്ത് എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ 11 വരെ തുറക്കാന്‍ അനുമതി നല്‍കും. സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി, വെള്ളക്കരം അടയ്ക്കുന്നതിനുള്ള തീയതി നീട്ടിനല്‍കും. വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുസ്തകം ലഭ്യമാക്കുന്നതിന് ബുക്ക്ഷോപ്പുകള്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും. ഒരാഴ്ചയ്ക്കിടെ ഒന്നരലക്ഷം കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. കടല്‍ മാര്‍ഗം കേരളത്തിലേക്ക് പഴകിയ മത്സ്യം കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. അതും തടയുന്നതിനുള്ള നടപടി ശക്തിപ്പെടുത്തും. വീടുകളില്‍ മീന്‍ കൊണ്ടുവന്ന് വില്‍ക്കുന്ന സ്ത്രീകള്‍ക്ക് പാസ് നല്‍കാത്ത പ്രശ്നം ശ്രദ്ധയില്‍പെട്ടു. ഇവര്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ആറളം ഫാമിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നാനൂറോളം തൊഴിലാളികളുടെ ശമ്പള കുടിശിക സംബന്ധിച്ച പരാതി പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിലെ വ്യവസായ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഉണ്ടാക്കാത്ത ബിസിനസുകള്‍ക്ക് 14 ദിവസത്തിനകം അനുമതി നല്‍കും. സി. ഐ. ഐ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിലെ ഒന്നരലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ വീതം നല്‍കും. മറ്റു ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ആയിരം രൂപ വീതം നല്‍കും. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ. എം. മാണിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അഞ്ഞൂറിലധികം കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് സഹായം നല്‍കിയതായി ജോസ് കെ. മാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊല്ലം കെ. എം. എം. സി രണ്ടു കോടി രൂപയും ബെഫി സംസ്ഥാന കമ്മിറ്റി ഒരു കോടി അഞ്ച് ലക്ഷവും പെരിന്തല്‍മണ്ണ ഇ. എം. എസ് സഹകരണ ആശുപത്രി ഒരു കോടിയും നടയ്ക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷവും ചിതറ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് 53 ലക്ഷവും കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും മാനേജ്മെന്റും 51 ലക്ഷവും ഔഷധി 50 ലക്ഷവും കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 50 ലക്ഷവും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.