പത്തനംതിട്ട നഗരസഭാ പരിധിയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം നല്‍കും

post

പത്തനംതിട്ട : നഗരസഭാ പരിധിയില്‍ ഭക്ഷണം ലഭ്യമായില്ലെന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നതിനേ തുടര്‍ന്ന് വീണാ ജോര്‍ജ് എം.എല്‍.എയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നു.  വീണാ ജോര്‍ജ് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്ലിന്‍ സന്തോഷ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ഡിവൈഎസ്പി പ്രദീപ്കുമാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനക്കുട്ടന്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.

നഗരസഭയുടെ കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നോ ബജറ്റ് ഹോട്ടലില്‍ നിന്നോ ആശ്രയ, അഗതി വിഭാഗത്തിലുള്ളവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം പാകംചെയ്യാന്‍ കഴിയാത്തവര്‍ക്കും സൗജന്യമായോ ഭക്ഷണത്തിന്റെ പണം നല്‍കിയോ ഭക്ഷണം വാങ്ങാവുന്നതാണെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് പൂര്‍ണമായും നഗരസഭ എടുക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. അലഞ്ഞുതിരിയുന്നവരെ കണ്ടെത്തുവാനും ഷെല്‍ട്ടറില്‍ താമസിപ്പിക്കുവാനും റവന്യു, പോലീസ് വകുപ്പുകള്‍ ഊര്‍ജിതശ്രമം നടത്തണമെന്നും എംഎല്‍എ പറഞ്ഞു.

നഗരസഭയുടെ ഭാഗത്തു നിന്നും കൂടുതല്‍ കൃത്യതയോടെ ഭക്ഷണം വേണ്ടവരുടെ കണക്കുകള്‍ എടുത്ത് ഇന്ന് (ഏപ്രില്‍ 9, വ്യാഴം ) രാത്രി മുതല്‍ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. കോഴഞ്ചേരി തഹസീല്‍ദാരുടെ മേല്‍നോട്ടത്തില്‍ ഇന്ന് (9) രാത്രി മുതല്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷണം വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും യോഗത്തില്‍ തീരുമാനമായി. 

കോഴഞ്ചേരി തഹസീല്‍ദാരുടെയും പത്തനംതിട്ട നഗരസഭയുടെയും നേതൃത്വത്തിലുള്ള രണ്ട് സ്‌ക്വാഡുകളുടെ സഹായത്തോടെ ഭക്ഷണം ലഭിക്കാത്തവരെ കണ്ടെത്തും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം ലഭിക്കാത്ത അശരണരായ ഒന്‍പത് പേരെ കുമ്പഴ മൗണ്ട് ബദനി പബ്ലിക് സ്‌കൂളിലെ അഗതി ക്യാമ്പിലേക്ക് എത്തിച്ച് അവര്‍ക്ക് വേണ്ട സജീകരണങ്ങള്‍ ഒരുക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 9188246485 എന്ന നമ്പറില്‍ വിളിക്കാമെന്ന് നഗരസഭ അധ്യക്ഷ റോസ്ലിന്‍ സന്തോഷ് അറിയിച്ചു.