പച്ചക്കറി സംഭരണ വിപണന പദ്ധതിക്ക് തുടക്കം

post

തൃശൂര്‍ : അന്നമനട പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി സംഭരണ-വിപണന പദ്ധതി ആരംഭിച്ചു. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ആദ്യ വില്‍പന നടത്തി. പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനുമായി കൃഷി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഗ്രാമമായ അന്നമനടയില്‍ ഭൂരിപക്ഷം പേരും കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ ലോക് ഡൗണ്‍ കാരണം വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ വില്‍ക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. അന്നമനട ഫാര്‍മേഴ്സ് ക്ലബ്ബ് നേതൃത്വം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. അന്നമനടയിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ കിറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് ഫാര്‍മേഴ്സ് ക്ലബ്ബ് നേതൃത്വം നല്‍കുന്നു. ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില അപ്പോള്‍ തന്നെ ലഭിക്കുന്നതിന് പുറമേ ജനങ്ങള്‍ക്ക് നേരിട്ട് നല്ല നാടന്‍ പച്ചക്കറി കിട്ടുമെന്ന പ്രത്യേകതയുമുണ്ടെന്ന് അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.പറഞ്ഞു. ആഴ്ചയില്‍ രണ്ട് തവണ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കാനാണ് പദ്ധതി. കൃഷി വകുപ്പ് നിര്‍ദ്ദേശനുസരിച്ച് തുടങ്ങിയ പച്ചക്കറി സംഭരണ-വിപണന പദ്ധതി കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക് ഡൗണിന് ശേഷവും വിപണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫാര്‍മേഴ്സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.