മെഡിക്കല്‍ കോളേജില്‍ അണുനാശക തുരങ്കം സ്ഥാപിച്ചു

post

തൃശൂര്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി കവാടത്തില്‍ അണുനാശക തുരങ്കം സ്ഥാപിച്ചു. ശരീരത്തിന് പുറത്തെയും വസ്ത്രങ്ങളിലെയും അണുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുനാശിനി, തുരങ്കത്തിലൂടെ പ്രവേശിക്കുന്നവരുടെ മേല്‍ സ്പ്രേ ചെയ്യും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരും രോഗികളും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും ഇതുവഴി പോകണം. കളക്ടര്‍ എസ്.ഷാനവാസിന്റെ അഭ്യര്‍ഥന പ്രകാരം തൃശൂരിലെ സാധന എന്‍ജിനീയറിംഗ് ഉടമ മേവീസ് ഡേവീസാണ് ഒരു ലക്ഷം രൂപ നിര്‍മ്മാണചെലവ് വരുന്ന തുരങ്കം സൗജന്യമായി സ്ഥാപിച്ചത്. മന്ത്രി എ.സി.മൊയ്തീന്‍, ചീഫ് വിപ്പ് കെ.രാജന്‍, അനില്‍ അക്കര എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.എം.എ.ആന്‍ഡ്രൂസ്,സൂപ്രണ്ട് ഡോ.ആര്‍.ബിജു കൃഷ്ണന്‍ തുടങ്ങിയവര്‍ തുരങ്കത്തിലൂടെ സഞ്ചാരം നടത്തി. മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കുന്നതിനായി നടപ്പിലാക്കിയ ഒരുക്കങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പുതുതായി വാര്‍ഡുകളില്‍ ഒരുക്കിയ സൗകര്യങ്ങള്‍ മന്ത്രിക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചു നല്‍കി.