കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം : മന്ത്രി പി. തിലോത്തമന്‍

post

കോട്ടയം: കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. മദ്യപാനത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിമുക്തി മിഷന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന  തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. മാണി സി.കാപ്പന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ള, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.വി.ഏലിയാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. അജിതകുമാരി, എം.ടി .സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുരുവിള മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി ജില്ലാ മാനേജര്‍ എം.എം. നാസര്‍ ലഹരിമുക്ത പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സെമിനാറുകള്‍, സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ് രൂപീകരണം, റസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്നുള്ള ബോധവത്കരണം, ലഹരിക്ക് അടിമകളായവരുടെ വിവരശേഖരണം,  ഡീ അഡിക്ഷന്‍ കൗണ്‍സലിംഗ്, ചികിത്സ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടക്കും.