കോവിഡ് 19 : കര്‍ഷകര്‍ക്ക് താങ്ങായി ചാത്തന്നൂര്‍ കൃഷിഭവന്‍

post

കൊല്ലം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിളവെടുപ്പ് പൂര്‍ത്തിയായ ടണ്‍ കണക്കിന് പൈനാപ്പിള്‍ വിപണനം ചെയ്യാനാകാതെ വലഞ്ഞ അലയമണ്‍ സ്വദേശികള്‍ക്ക് താങ്ങായി ചാത്തന്നൂര്‍ കൃഷിഭവന്‍. ലോക്ക് ഡൗണ്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിച്ച് ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പൈനാപ്പിള്‍ വിപണനം ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.  

ചാത്തന്നൂര്‍ മേഖലയിലെ കര്‍ഷകരും കൃഷിഭവനിലെയും ഇതര സര്‍ക്കാര്‍ വകുപ്പുകളിലേയും  ഉദ്യോഗസ്ഥരും  ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പ് വഴി മുന്‍കൂര്‍ ബുക്കിങ്ങിലൂടെയാണ്   ഒന്നേകാല്‍ ടണ്ണോളം പൈനാപ്പിള്‍ വിറ്റഴിച്ചത്. ബുക്ക് ചെയ്തവരെ  ചെറു ഗ്രൂപ്പുകളാക്കി തിരിച്ചു  പ്രത്യേക സമയക്രമം നല്‍കിയാണ് വില്‍പ്പന നടത്തിയത്. മൂംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിരമായി പൈനാപ്പിള്‍ കയറ്റി അയച്ചിരുന്ന അലയമണ്‍ സ്വദേശികളായ ജോസഫ്,  ജോണ്‍കുട്ടി, ജോണ്‍സണ്‍ എന്നിവര്‍ക്ക് ഏറെ ആശ്വാസമായി ചാത്തന്നൂര്‍ കൃഷി ഭവന്റെ ഈ സമയോചിത ഇടപെടല്‍. സാമൂഹ്യ മാധ്യമം ഉപയോഗിച്ചുള്ള ഇത്തരമൊരു വിപണന രീതിയിലൂടെ പ്രതിസന്ധികള്‍ നേരിടുന്ന മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും പരിപാടിയുടെ മുഖ്യസംഘാടകനായ ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ എസ് പ്രമോദിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

പൈനാപ്പിള്‍ വില്‍പ്പനയോടൊപ്പം  വിഷരഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവനിലെ അഗ്രോ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  മണ്‍ട്രോതുരുത്തിലെ ജൈവ കാര്‍ഷിക ഫാമില്‍ വളര്‍ത്തിയ അമേരിക്കന്‍ ബ്രീഡായ വനാമി ചെമ്മീന്റെ വിപണനവും നടന്നു.

വിഷം കലര്‍ന്ന മത്സ്യങ്ങള്‍ വിപണിയില്‍ സജീവമായ സാഹചര്യത്തില്‍ സുരക്ഷിത മത്സ്യം ലഭ്യമാക്കുകയാണ് ഇത്തരമൊരു ഉദ്യമത്തിന് പിറകിലെന്ന് ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഷിബു കുമാര്‍ പറഞ്ഞു. ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഡി ഗിരികുമാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.