തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികള്‍ നാട്ടിലേയ്ക്ക് മടങ്ങി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ മാലിദ്വീവ്സിന്റെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്. ശനിയാഴ്ച രാവിലെ 10: 20 ന് തിരിച്ച ആദ്യ വിമാനത്തില്‍ 51 പേരും 12:40 ന് തിരിച്ച രണ്ടാമത്തെ വിമാനത്തില്‍ 155 പേരുമാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്.
നാല് ഡോക്ടര്‍മാരും ആറ് ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. തെര്‍മല്‍ സ്‌ക്രീനിംഗില്‍ ആര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു . കൂടാതെ ഇവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. ചികിത്സ പോലുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ എത്തിയവരാണ് എല്ലാവരും. വിമാനത്താവള അധികൃതര്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ , മാലിദ്വീപ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.