ഹരിത വിദ്യാലയ പ്രഖ്യാപനം 29ന് : പ്രകൃതിയോടു കൂട്ടുകൂടി എറികാട് സ്‌കൂള്‍
കോട്ടയം: ക്ലാസ് മുറിക്കു പുറത്ത് വലിയൊരു വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് പുതുപ്പള്ളി എറികാട് സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും. പച്ചക്കറി കൃഷിയുടെ സമൃദ്ധിയും ഹരിതചട്ട പാലനത്തിന്റെ മികവും ഈ സ്‌കൂളിനെ വേറിട്ടു നിര്‍ത്തുന്നു.
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായുള്ള ജൈവകൃഷിയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. വിദ്യാര്‍ഥികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
സ്‌കൂള്‍ പരിസരം പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ കവാടം മുതല്‍ വിവിധയിനം പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ തന്നെയാണ് കൃഷി പരിപാലനത്തിന് നേതൃത്വം നല്‍കുന്നത്. കൃഷി വകുപ്പില്‍ നിന്നും നല്‍കിയ 50 ഓളം ഗ്രോ ബാഗുകളിലാണ് പയറും വെണ്ടയും കാബേജുമൊക്കെ വളര്‍ത്തുന്നത്. വിത്തുകളും തൈകളും കാര്‍ഷിക ഉപകരണങ്ങളും വകുപ്പ് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
രാവിലെയും ഉച്ചയ്ക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത് . പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നതിന് കുട്ടികള്‍ പഴയ തുണിത്തരങ്ങള്‍ ഉപയോഗിച്ച് സഞ്ചികള്‍ നിര്‍മ്മിക്കുന്നു. വിദ്യാര്‍ഥികളുടെ വീടുകളിലും ഇത്തരം സഞ്ചികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന വീപ്പകളില്‍ ശേഖരിക്കുന്നു. പതിനായിരം ലിറ്ററിന്റെ മഴ വെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.
ഈ മാസം 29 ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ടി.എന്‍. സീമ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തും. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ തുണി സഞ്ചികളുടെ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.